കാലത്തിനൊപ്പം മാറ്റവുമായി സിപിഎം; നവ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളാവാമെന്ന് മുഖ്യമന്ത്രി

കാലത്തിനൊപ്പം മാറ്റവുമായി സിപിഎം; നവ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളാവാമെന്ന് മുഖ്യമന്ത്രി

കൊച്ചി: നവ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകളാവാം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ അവതരിപ്പിച്ച പുതിയ കേരളത്തെക്കുറിച്ചുള്ള വികസന രേഖയിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെയും അടുത്ത മാസം കണ്ണൂരില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെയും അംഗീകാരത്തോടെ മാത്രമേ ഈ കാഴ്ചപ്പാട് പാര്‍ട്ടിയുടെ ഔദ്യോഗിക നയമാവുകയുള്ളുവെങ്കിലും സിപിഎം ഇക്കാര്യത്തില്‍ തീര്‍ത്തും തുറന്ന സമീപനത്തിന് തയ്യാറെടുത്ത് കഴിഞ്ഞതായാണ് സൂചന.

സിപിഎം എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കേരളത്തിലെ സിപിഎമ്മാണെന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടന പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി സൂചിപ്പിച്ചിരുന്നു. കേരളത്തില്‍ സിപിഎമ്മിന് ഇപ്പോള്‍ ഒരൊറ്റ നേതാവേയുള്ളു മുഖ്യമന്ത്രി പിണറായി വിജയന്‍. ആ നിലയ്ക്ക് പിണറായി മുന്നോട്ട് വെയ്ക്കുന്ന ആശയം തള്ളിക്കളയാനുള്ള സാധ്യത കുറവാണ്.

അതേസമയം അക്കാഡമിക് വിദഗ്ദരും സാമൂഹ്യ നിരീക്ഷകരും പൊതുവെ പിണറായിയുടെ ഈ നയത്തിനൊപ്പമാണ് നിലകൊള്ളുന്നത്. സിപിഎം കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കുന്നു എന്നാണ് പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ എം കുഞ്ഞാമന്‍ പ്രതികരിച്ചത്.

സ്വകാര്യ മൂലധനം എന്നതിനേക്കാള്‍ സ്വകാര്യ മുതല്‍ മുടക്ക് എന്നേ ഇതിനെ കാണാന്‍ കഴിയുകയുള്ളു. ഇതില്‍ തെറ്റ് കാണാന്‍ കഴിയില്ല. വിദേശ സര്‍വ്വകലാശാലകളെയൊക്കെ ഇങ്ങോട്ട് ആകര്‍ഷിക്കണമെങ്കില്‍ ഇത്തരമൊരു സമീപനം ആവശ്യമാണ്. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ സ്വകാര്യ മേഖലയില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുണ്ട്. അശോക, അസിം പ്രേംജി , ജിന്‍ഡാള്‍ സര്‍വ്വകാലാശാലകള്‍ ഇതിനുദാഹരണങ്ങളാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വകാര്യ മുതല്‍ മുടക്കിനെതിരല്ല. അതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രാധാന്യം ഇന്ത്യയില്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ ഒരാള്‍ നെഹ്രുവായിരുന്നു. ഐഐഎം അഹമ്മദാബാദ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. വിദേശം, തദ്ദേശീയം എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ ഇന്നിപ്പോള്‍ ഇല്ല. നെഹ്രുവിയന്‍ കാഴ്ചപ്പാടിലേക്കാണ് സിപിഎം വരുന്നതെന്ന് പറഞ്ഞാല്‍ അവര്‍ക്കത് ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും പ്രാഫസര്‍ എം കുഞ്ഞാമന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.