വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് പാര്‍ലമെന്റിനു മുന്നില്‍ മൂന്നാഴ്ചയായി തുടരുന്ന വാക്‌സിന്‍ വിരുദ്ധ പ്രതിഷേധം അവസാനിപ്പിക്കാന്‍ പുതിയ നീക്കവുമായി പോലീസ്. പാര്‍ലമെന്റ് വളപ്പില്‍ പ്രക്ഷോഭകര്‍ താമസിച്ചിരുന്ന ടെന്റുകളിലേക്ക് നൂറുകണക്കിന് പോലീസുകാര്‍ ഇരച്ചുകയറി അവ നശിപ്പിക്കുകയും വാഹനങ്ങള്‍ നീക്കുകയും ചെയ്തു. 38 പേരെ അറസ്റ്റ് ചെയ്തു. പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ടെന്റുകളില്‍ തീപിടിത്തവുമുണ്ടായി.
കാനഡയില്‍ ട്രക്ക് ട്രൈഡവര്‍മാര്‍ ഉള്‍പ്പെടെ നടത്തിയ വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ന്യൂസിലന്‍ഡിലും സമാനമായ രീതിയില്‍ തെരുവുകള്‍ സ്തംഭിപ്പിച്ച് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഗതാഗതം തടഞ്ഞ് ട്രക്കുകളും കാറുകളും മോട്ടോര്‍ സൈക്കിളുകളും റോഡുകളില്‍ നിരത്തിയായിരുന്നു പ്രകടനങ്ങള്‍. ഇത് പോലീസും പ്രക്ഷോഭകരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്കും നയിച്ചു.
പാര്‍ലമെന്റ് ഗ്രൗണ്ടുകളും ചുറ്റുമുള്ള തെരുവുകളും അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ക്ക് പിരിഞ്ഞുപോകാന്‍ മതിയായ അവസരം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് പോകാനുള്ള സമയമാണിതെന്നും പോലീസ് നടപടിക്ക് ശേഷം പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ പ്രകടനത്തില്‍ പങ്കെടുത്ത 60 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണങ്ങളില്‍ ചില പോലീസുകാര്‍ക്കും പരിക്കേറ്റു.
പ്രക്ഷോഭകര്‍ പിരിഞ്ഞുപോയില്ലെങ്കില്‍ പാര്‍ലമെന്റ് മൈതാനത്ത് അതിക്രമിച്ച് കയറിയതിന് അറസ്റ്റ് നേരിടേണ്ടിവരുമെന്ന് അധികാരികള്‍ ഉച്ചഭാഷിണി ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധക്കാര്‍ അഗ്‌നിശമന ഉപകരണങ്ങള്‍, പ്ലൈവുഡ് ഷീല്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രതിേരാധിക്കാന്‍ ശ്രമിച്ചെങ്കിലും ഇരച്ചെത്തിയ പോലീസിനെ തടയാനായില്ല. ചിലര്‍ വെള്ളം നിറച്ച കുപ്പികള്‍ വലിച്ചെറിയുന്നതും പോലീസിനെ ചീത്തവിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ കാണാം. 10 കുട്ടികളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ടെന്റുകള്‍ക്ക് ഇടയിലേക്കു തീയും പുകയും പടര്‍ന്നെങ്കിലും പോലീസ് കെടുത്തി. തീപിടിത്തത്തില്‍ പാര്‍ലമെന്റ് ഗ്രൗണ്ടില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം നശിച്ചു.
50 ലക്ഷം ജനങ്ങളുള്ള ന്യൂസിലാന്‍ഡില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളാണ് നിലവിലുണ്ടായിരുന്നത്. 118,000-ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 56 പേര്‍ മരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.