വേണ്ടത് ഒരു സമനില മാത്രം, ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിന് തൊട്ടടുത്ത്

വേണ്ടത് ഒരു സമനില മാത്രം, ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിന് തൊട്ടടുത്ത്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്ലേഓഫ് എന്ന സ്വപ്‌നത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് അടുക്കുന്നു. ബുധനാഴ്ച്ച രാത്രി നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ 3-1ന് വീഴ്ത്തിയ ബ്ലാസ്റ്റേഴ്‌സിന് ഇനി ഒരു പോയിന്റ് കൂടി നേടാനായാല്‍ സെമിയിലെത്താം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇവാന്‍ വുക്കുമനോവിച്ചിന്റെയും സംഘത്തിന്റെയും എതിരാളികള്‍ എഫ്‌സി ഗോവയാണ്. ഈ മത്സരം സമനിലയിലായാല്‍ പോലും ബ്ലാസ്‌റ്റേഴ്‌സിന് സെമിഫൈനല്‍ ഉറപ്പാണ്.

നിലവില്‍ 19 മത്സരങ്ങളില്‍നിന്ന് 33 പോയിന്റുമായി മഞ്ഞപ്പട നാലാംസ്ഥാനത്താണ്. അവസാനം മത്സരം സമനിലയിലായാല്‍ ടീമിന് 34 പോയിന്റാകും. തൊട്ടുപിന്നിലുള്ള മുംബൈ അവസാന മത്സരം ജയിച്ചാല്‍ അവര്‍ക്കും 34 പോയിന്റാകും. എന്നാല്‍ ഗോള്‍ശരാശരിയിലും പരസ്പരം ഏറ്റുമുട്ടിയപ്പോഴുമുള്ള ജയങ്ങളുടെ ആനുകൂല്യം ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടുള്ള വഴിയൊരുക്കും. ജെംഷഡ്പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ എടികെയ്ക്ക് ഒരു സമനില മതിയാകും അവസാന നാലിലെത്താന്‍.

ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ സമഗ്രാധിപത്യമാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയ്ക്കുമേല്‍ നടത്തിയത്. കളിയുടെ പത്തൊമ്പതാം മിനിറ്റില്‍ സഹലിലൂടെ മുന്നിലെത്തി ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ അല്‍വാരോ വാസ്‌കസിന് ലഭിച്ച പെനാല്‍റ്റി അദേഹം ഗോളാക്കി മാറ്റി. അറുപതാം മിനിറ്റിലാണ് വാസ്‌കസിന്റെ രണ്ടാംഗോള്‍ വരുന്നത്. മുംബൈയ്ക്കായി ഡീഗോ മൗറീഷ്യോ ആശ്വാസഗോള്‍ നേടി. ആറിന് ഗോവയ്‌ക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.