ഉക്രെയ്നില്‍ കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍

ഉക്രെയ്നില്‍  കുടുങ്ങിയവരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍

ന്യൂഡൽഹി: ഉക്രെയ്നില്‍ കുടുങ്ങിയ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ടു.

ഇന്ത്യ അനുകൂലമായാണ് പ്രതികരിച്ചത് എന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ഗംഗ എന്ന പേരില്‍ റഷ്യന്‍ ആക്രമണത്തിലായ ഉക്രെയ്നിലുള്ള ഇന്ത്യന്‍ പൗരന്മാരെ അയല്‍രാജ്യങ്ങളായ പോളണ്ട്, സ്ലോവാക്കിയ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളില്‍ എത്തിച്ച്‌ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇന്ത്യ. ഇതില്‍ തങ്ങളുടെ പൗരന്മാരെയും ഉള്‍പ്പെടുത്താനാണ് നേപ്പാളിന്റെ അഭ്യര്‍ത്ഥന.

നേരത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉക്രെയ്ന്‍ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയില്‍ ഉക്രെയ്നില്‍ ആകപ്പെട്ട് അയല്‍രാജ്യത്തെ പൗരന്മാരെയും, മറ്റ് വികസ്വര രാജ്യത്തെ പൗരന്മാരെയും രക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ആകുന്ന സഹായം രാജ്യം വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം യുഎന്‍ ഉക്രെയ്നിലെ യുദ്ധ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.

കോവിഡ് പ്രതിസന്ധികാലത്ത് വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി നേപ്പാള്‍, മാലിദ്വീപ്, ബംഗ്ലദേശ് പൗരന്മാരെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പുറത്ത് എത്തിച്ച്‌ അവരുടെ നാട്ടിലെത്തിച്ചിരുന്നു. ഇത്തരത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയിലും അയല്‍ രാജ്യത്തെ പൗരന്മാരെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. പ്രത്യേക അപേക്ഷയില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ അയല്‍ക്കാരെ ഇന്ത്യ സഹായിക്കുമെന്നാണ് ഇത് സംബന്ധിച്ച്‌ പ്രതികരിച്ച വിദേശകാര്യ വക്താവ് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.