കീവ്: ഉക്രെയ്‌നിലെ പ്രധാന തുറമുഖ നഗരമായ ഖെര്‍സണ്‍ പൂര്‍ണമായി റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഖെര്‍സണിലെ പ്രാദേശിക ഭരണസിരാ കേന്ദ്രം റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായി ഭരണത്തലവന്‍ ഗെന്നഡി ലഹൂത ഫേസ്ബുക്കിലൂടെ അറിയിച്ചു.
റഷ്യ പൂര്‍ണ ആധിപത്യം ഉറപ്പിക്കുന്ന ഉക്രെയ്‌നിലെ ആദ്യത്തെ വലിയ നഗരമാണ് ഖെര്‍സണ്‍. കരിങ്കടലിന്റെ പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന ഖെര്‍സണ്‍ ഉക്രെയ്‌നിലെ തന്ത്രപ്രധാന നഗരമാണ്. മൂന്നു ലക്ഷത്തിലേറെയാണ് ഖെര്‍സണിലെ ജനസംഖ്യ. പുടിന്റെ സൈന്യത്തെ അനുസരിക്കാന്‍ ഖെര്‍സണ്‍ മേയര്‍ ഇഗോര്‍ കോലിഖേവ് നഗരവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കു നേരെ വെടി ഉതിര്‍ക്കരുതെന്ന് റഷ്യന്‍ സൈന്യത്തോട് കോലിഖേവ് അപേക്ഷിക്കുകയും ചെയ്തു. ഖെര്‍സണില്‍ തങ്ങളെ അനുകൂലിക്കുന്ന ഭരണകൂടം സ്ഥാപിക്കാനാണ് റഷ്യയുടെ തീരുമാനം.
തലസ്ഥാനമായ കീവ്, ഖാര്‍കീവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളിലടക്കം റഷ്യന്‍ സേന നിരന്തരം ഷെല്ലിങ് നടത്തുകയാണെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു.
അതേസമയം, റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഒരു ദശലക്ഷത്തിലേറെ പേരാണ് ഉക്രെയ്ന്‍ വിട്ടത്. വെറും ഏഴുദിവസം കൊണ്ടാണ് ഇത്രയും പേര്‍ അഭയാര്‍ഥികളായത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വേഗത്തിലുള്ള അഭയാര്‍ഥി പ്രവാഹമാണിതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഉക്രെയ്ന്‍ ജനസംഖ്യയുടെ രണ്ടു ശതമാനത്തിലേറെ പേര്‍ക്കാണ് ഒരാഴ്ച കൊണ്ട് വീടുവിടേണ്ടി വന്നത്. 15 ലക്ഷത്തിലേറെ പേര്‍ വസിക്കുന്ന ഖാര്‍കീവ് പട്ടണത്തില്‍ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്കാണ് ദൃശ്യമാകുന്നത്.
റഷ്യന്‍ ആക്രമണം ശക്തമായ ഇവിടെനിന്ന് അഭയം തേടി എങ്ങോട്ടെന്നില്ലാതെ ജനം പ്രവഹിക്കുകയാണ്. നഗരത്തിന് പുറത്തേക്കുള്ള ട്രെയിനുകള്‍ തേടി റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യര്‍ തിങ്ങിക്കൂടിയിരിക്കുകയാണ്. ഒരാഴ്ചക്കിടെ 2,000 ലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയ്ന്‍ സര്‍ക്കാരിന്റെ നിലപാട്.
അതേസമയം, കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ എണ്ണം 498 ആയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1597 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരി 24ന് ഉക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള കണക്കാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.