ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് മേയറിലേക്ക്; കുംഭകോണത്തെ ഇനി ശരവണന്‍ നയിക്കും

ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് മേയറിലേക്ക്; കുംഭകോണത്തെ ഇനി ശരവണന്‍ നയിക്കും

തഞ്ചാവൂര്‍: കുംഭകോണം സിറ്റി കോര്‍പ്പറേഷന്റെ പ്രഥമ മേയറായി എത്തുക ഓട്ടോറിക്ഷ ഡ്രൈവര്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച കെ. ശരവണനാണ് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. ഇതുവരെ മുനിസിപ്പാലിറ്റി ആയിരുന്ന കുംഭകോണത്തിനെ കോര്‍പ്പറേഷനായി ഉയര്‍ത്തിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. 48 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 42 സീറ്റുകളും തൂത്തുവാരിയാണ് ഡിഎംകെ സഖ്യം അധികാരത്തിലെത്തിയത്.

കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും ഡിഎംകെ മേയര്‍സ്ഥാനം കോണ്‍ഗ്രസിന് വിട്ടുനല്കുകയായിരുന്നു. ഇതോടെയാണ് 17-ാം വാര്‍ഡില്‍ നിന്ന് ജയിച്ചെത്തിയ ശരവണനെ മേയറാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നതിനൊപ്പം രാഷ്ട്രീയത്തിലും ശരവണന്‍ സജീവമായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഡെപ്യൂട്ടി പ്രസിഡന്റായിരുന്നു ഈ 42കാരന്‍.

വാടക വീട്ടില്‍ ഭാര്യ ദേവിക്കും മൂന്നു മക്കള്‍ക്കുമൊപ്പമാണ് ശരവണന്റെ താമസം. ഓട്ടോറിക്ഷയാണ് വരുമാനമാര്‍ഗം. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നിട്ടും കഴിഞ്ഞ കോവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലടക്കം അദേഹം സജീവമായിരുന്നു. കഴിഞ്ഞമാസം നടന്ന തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹഭാഗം സീറ്റുകളും ഡിഎംകെ സഖ്യം തൂത്തൂവാരിയിരുന്നു. മുഖ്യപ്രതിപക്ഷമായ എഐഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.