'വൈകിട്ട് മൂന്ന് കഴിഞ്ഞാല്‍ ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും ഫ്യൂസൂരാന്‍ വരില്ല'; ജാഗ്രതാ എസ്.എം.എസ് കാമ്പയിനുമായി കെ.എസ്.ഇ.ബി

'വൈകിട്ട് മൂന്ന് കഴിഞ്ഞാല്‍ ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും ഫ്യൂസൂരാന്‍ വരില്ല'; ജാഗ്രതാ എസ്.എം.എസ് കാമ്പയിനുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: ബില്ലടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന വ്യാജ സന്ദേശത്തിനെതിരെ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. 'നിങ്ങള്‍ ഇതുവരെ വൈദ്യുതി ബില്ലടച്ചിട്ടില്ല. ഇന്ന് രാത്രി 9.30ന് വൈദ്യുതി വിച്ഛേദിക്കും' എന്ന വ്യാജ സന്ദേശത്തിനെതിരെ കെ.എസ്.ഇ.ബി ജാഗ്രതാ എസ്.എം.എസ് കാമ്പയിന്‍ ആരംഭിച്ചു. വൈകിട്ട് മൂന്ന് മണിക്ക് ശേഷം വൈദ്യുതി വിച്ഛേദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കെ.എസ്.ഇ.ബിയുടെ ജാഗ്രത നിര്‍ദേശം.

ആറുമാസത്തിനിടെ രണ്ടാം തവണയാണ് തട്ടിപ്പ് സംബന്ധിച്ച് പരാതി ഉയരുന്നത്. ഏറ്റവും ഒടുവില്‍ കോട്ടയത്തെ അധ്യാപികയുടെ വീട്ടിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. തട്ടിപ്പിന് പിന്നില്‍ അന്യസംസ്ഥാന റാക്കറ്റാണെന്നാണ് സൂചന. ഇതിനെതിരെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ പൊലീസിലും സൈബര്‍ വിഭാഗത്തിലും പരാതി നല്‍കി. കൂടുതല്‍ പ്രചാരണ പരിപാടികള്‍ക്കും കെ.എസ്.ഇ.ബി തയ്യാറെടുക്കുന്നുണ്ട്.

അതേസമയം ഉപയോക്താക്കളുടെ വിവരങ്ങള്‍ എവിടെ നിന്ന് ചോരുന്നെന്ന് അധികൃതര്‍ക്കും അറിയില്ല. വിളിക്കുന്നവരുടെ നമ്പറിന് പിന്നാലെ പോയാല്‍ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വിലാസമാണ് ലഭിക്കുന്നത്. 2020 മുതലാണ് ഇത്തരം തട്ടിപ്പുകള്‍ ആരംഭിച്ചത്.

എല്ലാ മുന്‍കരുതലുകളും മറന്ന് ആളുകള്‍ വ്യാജ സന്ദേശത്തിലെ നമ്പറുകളിലേക്ക് ഫോണ്‍ ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങുന്നത്. നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദി ഭാഷകളിലാകും മറുപടി. 'നിങ്ങളടച്ച പണം കെ.എസ്.ഇ.ബിയില്‍ കിട്ടിയില്ല, അതുകൊണ്ട് വേഗം വിവരങ്ങള്‍ പരിശോധിക്കണം. അതിനായി മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആവശ്യപ്പെടും'. പണം ആവശ്യപ്പെടാതെ ഉപയോക്താവിന്റെ വിലാസവും കണ്‍സ്യൂമര്‍ നമ്പറുമടക്കമുള്ള വിവരങ്ങള്‍ പറയും. അതോടെ ആളുകള്‍ തട്ടിപ്പുകാരെ വിശ്വസിക്കും. തുടര്‍ന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ക്ക് അനുവാദം നല്‍കുന്നതോടെ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു.

വൈകിട്ട് മൂന്നിന് ശേഷം ഒരു കെ.എസ്.ഇ.ബി ജീവനക്കാരനും ബില്ലിന്റെ കാര്യം പറഞ്ഞ് വരില്ല. ആരെങ്കിലും വന്നാല്‍ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസില്‍ ബന്ധപ്പെടണം. ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.