'പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനം അതിക്രൂരം'; യു.എന്നില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ സീമ പൂജാനി

  'പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനം അതിക്രൂരം'; യു.എന്നില്‍ ആഞ്ഞടിച്ച് ഇന്ത്യയുടെ സീമ പൂജാനി

യുണൈറ്റഡ് നേഷന്‍സ്:ന്യൂനപക്ഷങ്ങളെ നിഷ്ഠുരമായി പീഡിപ്പിക്കുന്നതിന് പാകിസ്ഥാന്‍ മറുപടി നല്‍കണമെന്ന ആവശ്യവുമായി യു.എന്നില്‍ ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിലും സ്വന്തം നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഉപജീവനവും പിന്തുണയും നല്‍കുന്നതിലും പാകിസ്ഥാന്‍ ഉത്തരവാദികളാണെന്നും ജനീവയിലെ ഇന്ത്യയുടെ യുഎന്‍ മിഷനിലെ ഫസ്റ്റ് സെക്രട്ടറി സീമ പൂജാനി യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

ജനുവരിയില്‍ പെഷവാറില്‍ പാസ്റ്റര്‍ വില്യം സിറാജിന്റെ കൊലപാതകം, മതനിന്ദ ആരോപിച്ച് പാസ്റ്റര്‍ സഫര്‍ ഭാട്ടിക്ക് വധശിക്ഷ വിധിച്ചത്, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, ബലപ്രയോഗത്തിലൂടെ വിവാഹം എന്നിവ പാക്കിസ്ഥാനിലെ ന്യൂനപക്ഷ മതപീഡനത്തിന്റെ ഉദാഹരണങ്ങളായി പൂജാനി അനുസ്മരിച്ചു. 'ഇസ്ലാമിനെ അപമാനിച്ചതായി ആരോപിക്കപ്പെടുന്ന ഏതൊരാള്‍ക്കും വധശിക്ഷ ലഭിക്കാവുന്ന ലോകത്തിലെ ഏറ്റവും ക്രൂരമായ മതനിന്ദ നിയമങ്ങള്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജീവന് ഭീഷണിയാണ്.'

ഏറെ പിഴവുകളുള്ള ജുഡീഷ്യല്‍ നടപടിക്രമങ്ങളാല്‍ മതനിന്ദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധേയരാകുകയോ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്ന 80 ഓളം പേര്‍ പാകിസ്ഥാനിലുണ്ട്.പ്രതി സ്ഥാനത്തു വരുന്ന മിക്കവരും കുറ്റക്കാരായി കണക്കാക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.

2021 ഡിസംബറില്‍ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ ക്രിസ്ത്യാനിയായ പ്രിയന്ത കുമാറിനെ മര്‍ദിച്ചു കൊന്നതും കഴിഞ്ഞ മാസം ഖനേവല്‍ ജില്ലയില്‍ മുഹമ്മദ് മുഷ്താഖിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതും പൂജാനി ചൂണ്ടിക്കാട്ടി. 'കൂടുതല്‍ കേസുകളും കോടതിമുറിക്ക് പുറത്ത് അക്രമത്തിലൂടെ തീര്‍പ്പാക്കുകയാണ്,'.

സിന്ധില്‍ നിന്നുള്ള റോഷ്നി മേഘ്വാര്‍ എന്ന 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലമായി മതം മാറ്റി. തട്ടിക്കൊണ്ടുപോയയാളെ തന്നെ ആ കുട്ടിക്കു വിവാഹം കഴിക്കേണ്ടിവന്ന സംഭവം പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് -പൂജാനി കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ നടപടിയില്ലാതെ അവ നശിപ്പിക്കപ്പെടുന്നു.

മര്യാദ വിട്ട് ഒ.ഐ.സി രാജ്യങ്ങള്‍

'ഇന്ത്യ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെടാന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോ-ഓപ്പറേഷന്‍ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നതിന് ഒഐസി രാജ്യങ്ങള്‍ പാകിസ്ഥാനെ അനുവദിക്കുന്നത് തുടരുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.'കശ്മീരിനെക്കുറിച്ച് തുര്‍ക്കി നടത്തിയ പരാമര്‍ശത്തെയും അവര്‍ വിമര്‍ശിച്ചു: 'ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ഒരു വിഷയത്തില്‍ തുര്‍ക്കി നടത്തിയ അഭിപ്രായങ്ങളില്‍ ഞങ്ങള്‍ ഖേദിക്കുന്നു, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ആവശ്യപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ തയ്യാറാകണം.'

'ഭീകരവാദം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്' സീമ പൂജാനി ചൂണ്ടിക്കാട്ടി. 'പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന തീവ്രവാദികളാണ് ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍. അതുപോലെ തന്നെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുമായും പാകിസ്ഥാനു ബന്ധമുണ്ട്. ഞങ്ങളുടെ മേഖലയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതിന് അവര്‍ ഉത്തരവാദികളാണ്. മാത്രമല്ല എല്ലായിടത്തും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറുന്നു ഈ പ്രവര്‍ത്തനം.യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ഏറ്റവും കൂടുതല്‍ ഭീകരര്‍ക്ക് ആതിഥേയത്വം വഹിച്ചതിന്റെ നികൃഷ്ടമായ റെക്കോര്‍ഡ് പാക്കിസ്ഥാനാണ്.'

കൗണ്‍സിലിന്റെ 49-ാമത് ഉന്നതതല യോഗത്തില്‍ പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പൂജാനി.അവര്‍ പറഞ്ഞു: 'മസാരിയുടെ പ്രസ്താവന പുക പരത്തുന്നു. എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താനുള്ള പാക്കിസ്ഥാന്റെ പ്രവണത ആ രാജ്യത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. പ്രത്യേകിച്ചും തീവ്രവാദം കൂടാതെ ഹിന്ദു, സിഖ്, ക്രിസ്ത്യാനി, അഹമ്മദിയ ന്യൂനപക്ഷ പീഡനം രൂക്ഷമായിരിക്കവേ .''

കശ്മീര്‍ 'ഇന്ത്യയുടെ നിയമവിരുദ്ധമായ അധിനിവേശത്തിന്‍ കീഴിലാണെന്നും' ഇന്ത്യ 'ജനസംഖ്യാപരമായ മാറ്റങ്ങളുടെ വ്യാപ്തിയും വേഗതയും ത്വരിതപ്പെടുത്തിയിരിക്കുന്നു' എന്നുമുള്ള മസാരിയുടെ വാദത്തോട് പ്രതികരിച്ചുകൊണ്ട് പൂജാനി പറഞ്ഞു: 'ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ മേഖലകളാണ്. അവിടത്തെ സാമൂഹിക-സാമ്പത്തിക വികസനവും നല്ല ഭരണവും ഉറപ്പാക്കാന്‍ ഭരണകൂടെ സ്വീകരിക്കുന്ന എല്ലാ നടപടികളും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണ്.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.