കര്‍ശന ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മതപരിവര്‍ത്തന നിരോധിത നിയമം; രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

കര്‍ശന ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന മതപരിവര്‍ത്തന നിരോധിത നിയമം; രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധിത നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ ജയില്‍ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിനിടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഇതേ നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്ത് മുമ്പ് സമര്‍പ്പിച്ച ഹര്‍ജികളുടെ കൂടെ ഈ ഹര്‍ജിയും ചേര്‍ക്കാന്‍ ഉത്തരവിടുകയായിരുന്നു.

രാജസ്ഥാനിലെ ഈ നിയമ പ്രകാരം മത പരിവര്‍ത്തനങ്ങള്‍ക്ക് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും വഞ്ചനാപരമായി കണക്കാക്കുന്ന മത പരിവര്‍ത്തനങ്ങള്‍ക്ക് ഏഴ് മുതല്‍ 14 വര്‍ഷം വരെ തടവും ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍, വികലാംഗര്‍ എന്നിവരെ വഞ്ചനയിലൂടെ മതം മാറ്റുന്നത് 10 മുതല്‍ 20 വര്‍ഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്.

സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നിവിടങ്ങളില്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിന്ന് സമാന വിഷയത്തില്‍ പ്രതികരണം തേടിയിരുന്നു. സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയതിന് ശേഷം മാത്രമേ ഈ നിയമങ്ങളുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യാനുള്ള അപേക്ഷകള്‍ പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം കേസ് കൂടുതല്‍ പരിഗണനയ്ക്കായി എടുക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച പ്രതികരണം സമര്‍പ്പിക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.