റെയില്‍വേ സ്റ്റേഷനുകള്‍ ഇനി അറിയപ്പെടുക പരസ്യം നല്കുന്നവരുടെകൂടെ പേരില്‍; വരുമാനമുണ്ടാക്കാന്‍ റെയില്‍വേ

റെയില്‍വേ സ്റ്റേഷനുകള്‍ ഇനി അറിയപ്പെടുക പരസ്യം നല്കുന്നവരുടെകൂടെ പേരില്‍; വരുമാനമുണ്ടാക്കാന്‍ റെയില്‍വേ

ന്യൂഡല്‍ഹി: വ്യത്യസ്ത രീതികളില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നോക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളെ ഉപയോഗിക്കാനാണ് തീരുമാനം. ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം കോര്‍പ്പറേറ്റ് കമ്പനികളുടെ പേരും ചേര്‍ക്കാം. ബ്രാന്‍ഡിംഗ് റൈറ്റ്‌സ് നല്കി പരസ്യത്തില്‍ നിന്നും കൂടുതല്‍ വരുമാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കൊച്ചി മെട്രോ ചെയ്ത അതേ കാര്യം തന്നെയാകും ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തില്‍ മാതൃകയാക്കുക.

സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യദാതാവിന്റെ പേരും കൂടി ചേര്‍ത്താവും ഇനി സ്റ്റേഷന്‍ ബ്രാന്‍ഡിങ് വരുക. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് റെയില്‍വേയുടെ ഈ നടപടി. പ്രശസ്തമായ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാകും സ്റ്റേഷനുകളുടെ കൂടെ പേര് ചേര്‍ക്കാനാകുക. എന്നാല്‍ വ്യക്തികളുടെ പേര് നല്‍കാനാകില്ല. ഇതുസംബന്ധിച്ച് പുതിയ നയവും റെയില്‍വേ പുറത്തിറക്കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പേരുനല്കുമ്പോള്‍ ബ്രാന്‍ഡിന്റെ പേര് രണ്ട് വാക്കില്‍ കൂടാന്‍ പാടില്ല. റെയില്‍വേ ടിക്കറ്റുകള്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം, വെബ്‌സൈറ്റുകള്‍, റൂട്ട് മാപ്പുകള്‍, പൊതു അറിയിപ്പുകള്‍, റെയില്‍ ഡിസ്‌പ്ലേ നെറ്റ്വര്‍ക്ക് മുതലായവയില്‍ കോ-ബ്രാന്‍ഡിംഗ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്റെ യഥാര്‍ഥ പേര് തന്നെയാകും ഇവിടങ്ങളില്‍ ഉണ്ടാകുക. ഉദാഹരണത്തിന് എറണാകുളം ജംഗ്ഷന്റെ ബ്രാന്‍ഡിംഗ് റിലയന്‍സ് വാങ്ങിയാല്‍ അറിയപ്പെടുക റിലയന്‍സ് എറണാകുളം ജംഗ്ഷന്‍ എന്നാകും. സ്റ്റേഷനുകളുടെ പേരിനൊപ്പം ബ്രാന്‍ഡിനെ ചേര്‍ക്കുന്നതിനായി ലേലം നടത്താന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എവിടെയെല്ലാം സ്റ്റേഷന്റെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ ഏറ്റെടുക്കുന്ന ബ്രാന്‍ഡിന്റെ പേരും ഒപ്പം ചേര്‍ക്കാം. യാത്രക്കാര്‍ കടന്നുപോകുന്ന ഇടനാഴികളിലും പരസ്യത്തിനുള്ള അവകാശവും ബന്ധപ്പെട്ട ബ്രാന്‍ഡിന് നല്‍കും. എന്നാല്‍ ഇതൊന്നും റെയില്‍വേയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലാകരുതെന്നും പുതിയ നയത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.