സെലന്‍സ്‌കിയെ വകവരുത്താന്‍ റഷ്യന്‍ രഹസ്യ നീക്കം; ഒരാഴ്ചയ്ക്കിടെ നടന്നത് മൂന്ന് വധ ശ്രമങ്ങളെന്ന് ബ്രിട്ടീഷ് പത്രം

സെലന്‍സ്‌കിയെ  വകവരുത്താന്‍ റഷ്യന്‍ രഹസ്യ നീക്കം;  ഒരാഴ്ചയ്ക്കിടെ നടന്നത്  മൂന്ന് വധ ശ്രമങ്ങളെന്ന് ബ്രിട്ടീഷ് പത്രം

ലണ്ടന്‍: ഉക്രെയ്‌നില്‍ റഷ്യ അധിനിവേശം തുടങ്ങിയതിനു ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയ്ക്കു നേരെ വധശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. റഷ്യയില്‍ തന്നെയുള്ള യുദ്ധ വിരുദ്ധര്‍ നല്‍കിയ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെലന്‍സ്‌കി വധശ്രമങ്ങളില്‍ നിന്നു രക്ഷപ്പെട്ടതെന്ന് ബ്രിട്ടനിലെ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലുള്ള, യുദ്ധത്തെ എതിര്‍ക്കുന്നവരാണ് പ്രസിഡന്റിനെ വധിക്കാനുള്ള പദ്ധതിയുടെ വിവരം നല്‍കിയതെന്ന് ഉക്രെയ്ന്‍ നാഷനല്‍ സെക്യൂരിറ്റി സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംലിന്റെ പിന്തുണയുള്ള വാഗനര്‍ ഗ്രൂപ്പാണ് രണ്ടു തവണ പദ്ധതി ആസൂത്രണം ചെയ്തതത്. പദ്ധതി വിജയിച്ചാലും റഷ്യയുടെ പങ്ക് തെളിയിക്കാനാവാത്ത വിധമാണ് വധ ഗൂഢാലോചന നടന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വാഗനര്‍ ഗ്രൂപ്പിലെ നാനൂറിലേറെ അംഗങ്ങള്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അവര്‍ ഇപ്പോഴും കീവില്‍ ഉണ്ടെന്നാണ് കരുതുന്നത്. പ്രത്യേക ദൗത്യവുമായാണ് അവര്‍ എത്തിയിട്ടുള്ളത്. 24 ഉന്നത ഉദ്യോഗസ്ഥരുടെ 'കില്‍ ലിസ്റ്റ്' ഇവരുടെ പക്കലുണ്ട്. ഇവരെ ഇല്ലാതാക്കിയാല്‍ കീവ് ഭരണകൂടം ദുര്‍ബലമാവും. ഇതോടെ ഉക്രെയ്‌ന്റെ പ്രതിരോധം തകരുമെന്നാണ് റഷ്യ വിലയിരുത്തുന്നതെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ സെലസന്‍സ്‌കിയെ കീവില്‍ നിന്ന് രക്ഷപെടുത്താമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതു തള്ളിയ സെലന്‍സ്‌കി രാജ്യത്ത് യുദ്ധം നടക്കുമ്പോള്‍ സുരക്ഷിത കേന്ദ്രം തേടി പോവാനില്ലെന്നായിരുന്നു മറുപടി പറഞ്ഞത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.