എളിമയുടെയും മതപരമായ അച്ചടക്കത്തിന്റെയും മാതൃകയായ കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ്

എളിമയുടെയും മതപരമായ അച്ചടക്കത്തിന്റെയും മാതൃകയായ കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 05

മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമാണ് കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ് ജനിച്ചത്. 1654 ല്‍ നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു ജനനം. ചെറുപ്പം മുതല്‍ തന്നെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതില്‍ തല്‍പരനായിരുന്ന ജോണ്‍ പതിനാറ് വയസായപ്പോള്‍ കഠിനമായ നിബന്ധനകളുള്ള ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമായി.

തന്റെ സഭയെ ഉന്നതിയിലേക്ക് നയിക്കുവാനുള്ള ജോണിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ അധികൃതര്‍ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ആശ്രമം സ്ഥാപിക്കുക എന്ന ദൗത്യമേല്‍പ്പിച്ച് അദ്ദേഹത്തെ പിഡ്‌മോണ്ടിലേക്കയച്ചു. അവിടെ ആശ്രമത്തിന്റെ നിര്‍മ്മാണ ജോലികളില്‍ പൂര്‍ണമായും വ്യാപൃതനാവുകയും സന്യാസപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു.

പിന്നീട് തന്റെ മേലധികാരികളുടെ ആവശ്യപ്രകാരം അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പ്രാര്‍ത്ഥനയിലും നിശബ്ദതയിലും ഊന്നല്‍ നല്‍കികൊണ്ടുള്ള ജീവിതമായിരുന്നു ജോണ്‍ ജോസഫിന്റേത്. തന്റെ മേലധികാരികളുടെ സഹായത്തോടെ അദ്ദേഹം മറ്റൊരു സന്യാസി മഠം കൂടി സ്ഥാപിക്കുകയും അതിനുവേണ്ട ആശ്രമ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.

ക്രമേണ ജോണ്‍ അവിടത്തെ സന്യാസികളുടെ ജീവിത രീതികളെ സ്വാധീനിച്ച ചുറുചുറുക്കുമുള്ള ഗുരുവായി മാറി. കുറച്ചുകാലങ്ങള്‍ക്ക് ശേഷം നേപ്പിള്‍സ് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാളായി ജോണ്‍ നിയമിതനായി.

ആശ്രമത്തിലെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ എളിമ, മതപരമായ അച്ചടക്കം തുടങ്ങിയ ഏറ്റവും ഉന്നതമായ നന്മകളുടെ മാതൃകയായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി നിരവധി വരദാനങ്ങള്‍ കൊണ്ട് ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. പ്രവചന വരവും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍പ്പെടുന്നു.

നേപ്പിള്‍സിലെ മഠത്തില്‍ വെച്ച് സന്നിപാതം പിടിപ്പെട്ട ജോണ്‍ ജോസഫ് 1734 മാര്‍ച്ച് അഞ്ചിന്് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. മരണ ശേഷം നടന്ന നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തേയും മഹത്വത്തേയും സ്ഥിരീകരിക്കുന്നു. 1839 ല്‍ ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പാ ജോണ്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കാറോണ്‍

2. അയര്‍ലന്‍ഡിലെ കിയാറാന്‍

3. സേസരയായിലെ എവുബ്ലൂസ്

4. അയര്‍ലന്‍ഡിലെ ഒസോറി ബിഷപ്പായ കാര്‍ത്തേജ് സീനിയര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26