സിഡ്‌നി: കായിക ലോകത്തെ ഞെട്ടിച്ച് അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ (52) മൃതദേഹം ഏറ്റുവാങ്ങാന്‍ ഓസ്‌ട്രേലിയന്‍ വിദേശകാര്യ വകുപ്പ് പ്രതിനിധികള്‍ ഇന്ന് തായ്ലന്‍ഡിലെത്തും. തായ്‌ലന്‍ഡിലെ കോ സമൂയിയിലെ ഒരു ആഡംബര വില്ലയില്‍ നാല് പേര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്. ഇന്നലെ വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വോണിന്റെ മൃതദേഹം കോ സാമൂയി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ക്രിക്കറ്റിലെ രണ്ട് ഇതിഹാസ താരങ്ങളെ ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. വിക്കറ്റ് കീപ്പിങ്ങിലെ ഇതിഹാസമായിരുന്ന റോഡ്‌നി വില്യം മാര്‍ഷിന്റെ മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ വിടവാങ്ങല്‍. ഹൃദയാഘാതമാണ് രണ്ടു പേരുടെയും ജീവനെടുത്തത്. റോഡ് മാര്‍ഷിന്റെ മരണത്തില്‍ വേദന പങ്കുവച്ച് കുറിച്ച വാക്കുകളാണ് ഷെയ്ന്‍ വോണിന്റെ അവസാന ട്വീറ്റ്.
തായ്ലന്‍ഡിലെ വില്ലയില്‍ പ്രതികരണമൊന്നുമില്ലാത്ത നിലയിലാണ് താരത്തെ കണ്ടെത്തിയത്. വോണിന്റെ ജീവന്‍ രക്ഷിക്കാന്‍ മെഡിക്കല്‍ സംഘം പരമാവധി ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നുവെന്ന് താരത്തിന്റെ മാനേജ്മെന്റ് ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
വോണിനൊപ്പം തായ്ലന്‍ഡിലേക്കു യാത്ര ചെയ്തവരുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചിട്ടുണ്ടെന്നും നാട്ടിലേക്കു മൃതദേഹം കൊണ്ടുവരുന്നതിനു തായ് അധികാരികളുമായി ഓസ്‌ട്രേലിയന്‍ വിദേശകാര്യ, വ്യാപാര വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് ട്രേഡ്) ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
വോണിന്റെ സംസ്‌കാരം വിക്ടോറിയ സംസ്ഥാനം ഏറ്റെടുത്തു നടത്തുമെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് കുടുംബാംഗങ്ങളെ അറിയിച്ചു. 'വിക്ടോറിയയ്ക്ക് ഒരു ഐക്കണ്‍ ആണു നഷ്ടപ്പെട്ടത്. ഓസ്‌ട്രേലിയയ്ക്ക് ഒരു ഇതിഹാസതാരത്തെയും-പ്രീമിയര്‍ അനുശോചിച്ചു.
ബാറ്റര്‍മാരെ നിരന്തരം കുഴക്കുന്ന സ്പിന്‍ മാന്ത്രികതയുടെ പേരായിരുന്നു ക്രിക്കറ്റില്‍ ഷെയ്ന്‍ വോണ്‍. ഒരു തരത്തിലും ബാറ്റര്‍മാര്‍ക്ക് പ്രവചിക്കാനോ മുന്‍കൂട്ടിക്കാണാനോ കഴിയാത്തവണ്ണം അപ്രതീക്ഷിതമായിരിക്കും ഓരോ പന്തും.
1992ല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍, ലോക ക്രിക്കറ്റിലെ അവഗണിക്കാനാകാത്ത ശക്തിയാണ് വോണ്‍.
1969-ല്‍ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് ഫേണ്‍ട്രീ ഗള്ളിയിലാണ് ജനനം. 1992-ല്‍ ഇന്ത്യക്കെതിരെ സിഡ്‌നി ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ലോകം കണ്ട മികച്ച സ്പിന്നര്‍മാരിലൊരാളായ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 145 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 708 വിക്കറ്റും സ്വന്തമാക്കി. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമതുള്ളത്. കളിക്കളത്തില്‍ ഷെയിന്‍ വോണ്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വോണ്‍-ബ്രയാന്‍ ലാറ പോരാട്ടങ്ങള്‍ ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു. പ്രഥമ ഐ.പി.എല്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനുമായിരുന്നു.
1993-ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം മൈക്ക് ഗാറ്റിംഗിനെ പുറത്താക്കാന്‍ വോണെറിഞ്ഞ പന്ത് നൂറ്റാണ്ടിന്റെ പന്തെന്ന് പിന്നീട് അറിയപ്പെട്ടു. ഗാറ്റിംഗിന്റെ ലെഗ് സൈഡിലായി കുത്തിയ പന്ത് തൊണ്ണൂറു ഡിഗ്രിയില്‍ തിരിഞ്ഞ് ഗാറ്റിംഗിന്റെ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ക്രിക്കറ്റ് ലോകം അദ്ഭുതം കൂറിയ ആ ഒറ്റ പന്തില്‍ ഒരു സാധാരണ ലെഗ് സ്പിന്നറായി ഒതുങ്ങിപ്പോകേണ്ട വോണിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.