ന്യൂഡല്‍ഹി: ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശത്ത് പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി ഇന്ത്യയില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കാം. കഴിഞ്ഞ ദിവസം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാഷണല്‍ ബോര്‍ഡ് ഒഫ് എക്‌സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ പാസായെങ്കില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അയക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ റെഗുലേറ്ററി ബോഡി അറിയിച്ചു. യുദ്ധം, കോവിഡ് തുടങ്ങിയ സാഹചര്യങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും എന്‍എംസി പറഞ്ഞു.
റഷ്യന്‍ ആക്രമണത്താല്‍ കോഴ്‌സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെയധികം ആശ്വാസകരമാണ്. ആയിരക്കണക്കിന് വിദ്യര്‍ത്ഥികളാണ് റഷ്യന്‍ സൈനിക ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അയച്ച വിമാനങ്ങളില്‍ രാജ്യത്തേക്ക് മടങ്ങിയത്. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എഫ്എംജിഇ പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം. ശേഷം 12 മാസത്തെ ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ ബാക്കിയുള്ള കാലയളവ് അനുവദിക്കാം എന്നും സര്‍ക്കുലറില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.