പേടിച്ചരണ്ട കുറുക്കന്മാരുടെ തന്ത്രമിറക്കുന്നു റഷ്യയെന്ന് ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി;'പള്ളികളും തകര്‍ക്കുന്നു '

പേടിച്ചരണ്ട കുറുക്കന്മാരുടെ തന്ത്രമിറക്കുന്നു റഷ്യയെന്ന് ഉക്രെയ്ന്‍ പ്രതിരോധ മന്ത്രി;'പള്ളികളും തകര്‍ക്കുന്നു '

കീവ്: 'റഷ്യന്‍ സൈന്യം പള്ളികളും കത്തീഡ്രലുകളും നശിപ്പിക്കുന്നു. ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുന്നു,'- ഉക്രെയ്‌നിന്റെ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് പറഞ്ഞു. പേടിച്ചരണ്ട കുറുക്കന്മാരുടെ തന്ത്രങ്ങളാണവര്‍ പുറത്തെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ആശുപത്രികള്‍ എന്നിവ റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്നതായി റെസ്‌നിക്കോവ് ചൂണ്ടിക്കാട്ടി.

'റഷ്യന്‍ സൈന്യം ഹനിക്കുന്ന ഓരോ ജീവിതത്തിനും അവരുടെ ചെയ്തികള്‍ മൂലം വീഴുന്ന ഓരോ കണ്ണീര്‍ തുള്ളിക്കും അവര്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ശത്രു സൈന്യം ചില ദിശകളില്‍ മുന്നേറിയിട്ടുണ്ടെന്നതു ശരി. എന്നാല്‍ ഉക്രേനിയന്‍ പ്രതിരോധക്കാര്‍ അധിനിവേശക്കാരെ നേരിടുകയും പുറത്താക്കുകയും ചെയ്യുകയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

'വ്യക്തമായും, ശത്രു ചില ദിശകളിലേക്ക് മുന്നേറി. എന്നിരുന്നാലും, ചെറിയ പ്രദേശങ്ങള്‍ മാത്രമേ അവരുടെ നിയന്ത്രണത്തിലുള്ളൂ.റഷ്യയുടെ ആക്രമണ വേഗതയ്ക്കു മാന്ദ്യം വന്നു. ഉക്രേനിയക്കാരുടെ ചെറുത്തുനില്‍പ്പ് അതിശക്തമായതിനാല്‍ റഷ്യ തന്ത്രങ്ങള്‍ മാറ്റുകയാണ്. ഇന്നത്തെ കണക്കനുസരിച്ച്, ഉക്രേനിയന്‍ ആകാശമാണ് ഏറ്റവും ദുര്‍ബലമായത്. ആക്രമണകാരി അതിന്റെ വ്യോമ, മിസൈല്‍ സാധ്യതകള്‍ സമഗ്രമായും സജീവമായും ഉപയോഗിക്കുന്നു. എല്ലാത്തരം വ്യോമയാനങ്ങളും നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളിലും ബോംബെറിയുന്നു. ആണവ, ജലവൈദ്യുത നിലയങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളാണവ '

നിലവില്‍ സ്ഥിതിഗതികള്‍ 'ഏറ്റവും സങ്കീര്‍ണ്ണമായ' നഗരങ്ങളില്‍ മരിയുപോള്‍, വോള്‍നോവാഖ, ഖാര്‍കിവ്, ചെര്‍നിഹിവ്, മൈക്കോളൈവ്, കെര്‍സണ്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് റെസ്നിക്കോവ് പറഞ്ഞു: 'മാനുഷിക ഇടനാഴി പ്രവര്‍ത്തിക്കുമെന്നും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.'റഷ്യന്‍ സേനയുടെ പ്രധാന ശ്രദ്ധ കീവ് വളയുന്നതിലും ഇതര നഗരങ്ങളിലെയും പട്ടണങ്ങളിലെയും ചെറുത്തുനില്‍പ്പ് അടിച്ചമര്‍ത്തുന്നതിലുമാണെന്നും റെസ്‌നിക്കോവ് പറഞ്ഞു.

അതേസമയം, രണ്ട് പ്രധാന ആണവ നിലയങ്ങള്‍ വരുതിയിലാക്കിയതിന് പിന്നാലെ ജല വൈദ്യുത നിലയം ലക്ഷ്യമാക്കിയാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ കീവിലെ ഹൈഡ്രോ ഇലക്ട്രിക് വൈദ്യുത നിലയം അവര്‍ ഉന്നം വെക്കുന്നു. നഗരത്തിന്റെ തെക്ക് ഭാഗത്ത് നൂറു കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന വൈദ്യുത നിലയമാണിത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഉക്രെയ്നിലെ 2,100 ലധികം സൈനിക സ്ഥാപനങ്ങള്‍ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധിയായ മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോ വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിന് മാത്രം മാത്രം അഞ്ച് റഡാര്‍ സ്റ്റേഷനുകളും രണ്ട് ആന്റി-എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനങ്ങളും നശിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രത്യേക സൈനിക ഓപ്പറേഷന്റെ ഭാഗമായി ഉക്രെയ്നിലെ 2,119 സൈനിക സ്ഥാപനങ്ങളാണ് തകര്‍ന്നത്.

ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ ലോകത്തിനെ മുള്‍മുനയിലാക്കികൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിലേക്ക് റഷ്യ ആക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിന് പിന്നാലെ സാപോറേഷ്യ നിലയത്തില്‍ തീയും പുകയും ഉയര്‍ന്നത് ലോകത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി.ചെര്‍ണോബിലെ ആണവനിലയത്തിലേക്ക് മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് സാപോറേഷ്യയിലേക്ക് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്. ആണവനിലയങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെ ജല വൈദ്യുത നിലയങ്ങളും പിടിച്ചെടുക്കാനുള്ള ശ്രമത്തിലൂടെ ഉക്രെയ്നെ വീണ്ടും പരിഭ്രാന്തിയിലാക്കുകയാണിപ്പോള്‍ റഷ്യ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.