ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് പുതിയ ആണവ അന്തര്‍വാഹിനി താവളം; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് പുതിയ ആണവ അന്തര്‍വാഹിനി താവളം; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

പെർത്തിലെ നാവികസേനാ താവളത്തിൽ ഓസ്‌ട്രേലിയയുടെ കോളിൻസ് ക്ലാസ് അന്തർവാഹിനികൾ.

അന്തിമ പട്ടികയില്‍ ബ്രിസ്ബന്‍, ന്യൂകാസില്‍, പോര്‍ട്ട് കെംബ്ല

കാന്‍ബറ: ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്ത് ആണവ അന്തര്‍വാഹിനിക്കു വേണ്ടി പുതിയ താവളം നിര്‍മിക്കാനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. ഓസ്ട്രേലിയയും അമേരിക്കയും യു.കെയും ചേര്‍ന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യ (Aukus) ഉടമ്പടിയുടെ ഭാഗമായി നിര്‍മിക്കുന്ന ആണവ അന്തര്‍വാഹിനി കപ്പലുകള്‍ക്കു വേണ്ടിയാണ് നാവിക സേനയുടെ പുതിയ താവളം ഒരുങ്ങുന്നത്.

10 ബില്യണ്‍ ഡോളര്‍ ചെലവു വരുന്ന ഈ പദ്ധതിക്കായി നിലവില്‍ ക്വീന്‍സ് ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളെയാണ് സര്‍ക്കാര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ക്വീന്‍സ് ലാന്‍ഡിലെ ബ്രിസ്ബന്‍, ന്യൂ സൗത്ത് വെയില്‍സിലെ ന്യൂകാസില്‍, പോര്‍ട്ട് കെംബ്ല എന്നീ സ്ഥലങ്ങളില്‍ ഒന്നായിരിക്കും അന്തര്‍വാഹിനി താവളത്തിന്റെ ആസ്ഥാനം. അതില്‍ പോര്‍ട്ട് കെംബ്ലയാണ് ഏറ്റവും അനുയോജ്യമെന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍.

നിലവില്‍ ആറ് കോളിന്‍സ് ക്ലാസ് അന്തര്‍വാഹിനികളാണ് ഓസ്ട്രേലിയയ്ക്കുള്ളത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള നാവിക സേനാ ആസ്ഥാനമായ ഫ്ളീറ്റ് ബേസ് വെസ്റ്റില്‍ മാത്രമാണ് നിലവില്‍ അന്തര്‍വാഹിനിക്കായുള്ള താവളമുള്ളത്.

80 വര്‍ഷത്തിനിടയിലെ ഏറ്റവും അപകടകരമായ സുരക്ഷാ സാഹചര്യത്തിലൂടെ ഓസ്ട്രേലിയ കടന്നുപോകുന്നു എന്ന് സര്‍ക്കാര്‍ വിലയിരുത്തിയതിനു പിന്നാലെയാണ് പുതിയ അന്തര്‍വാഹിനി താവളം സംബന്ധിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പ്രഖ്യാപനം നടത്തിയത്. ഫെഡറല്‍ പാര്‍ലമെന്റില്‍ ഇന്ന് നടത്തിയ ദേശീയ സുരക്ഷാ പ്രസംഗത്തിലാണ് പദ്ധതി പ്രഖ്യാപനമുണ്ടായത്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ഇന്തോ-പസഫിക് മേഖലയിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള പദ്ധതി പ്രഖ്യാപനം വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി തള്ളി. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഈ വമ്പന്‍ പദ്ധതി തിടുക്കത്തില്‍ പ്രഖ്യാപിച്ചതെന്നാണ് മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

ഓകസ്‌ കരാര്‍ പ്രകാരം റോയല്‍ ഓസ്ട്രേലിയന്‍ നാവികസേനയ്ക്ക് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ യു.എസ്. കൈമാറും. ഇതിലൂടെ എട്ട് ആണവ-അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്‌ട്രേലിയയ്ക്കു കഴിയും. ഈ അന്തര്‍വാഹിനികള്‍ക്കു വേണ്ടിയാണ് കിഴക്കന്‍ തീരത്ത് പുതിയ താവളം നിര്‍മ്മിക്കുന്നത്.

അതേസമയം കിഴക്കന്‍ തീരത്ത് പുതിയ താവളം വന്നാലും അന്തര്‍വാഹിനികളുടെ ആസ്ഥാനം പടിഞ്ഞാറന്‍ ഓസ്ട്രേലിയ തന്നെയായിരിക്കുമെന്ന് സ്‌കോട്ട് മോറിസന്‍ അറിയിച്ചു.

ക്വീന്‍സ് ലാന്‍ഡ് സര്‍ക്കാരുമായും ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരുമായും പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയയുടെ അന്തര്‍വാഹിനികള്‍ക്ക് പുറമേ, അമേരിക്കയുടെയും ബ്രിട്ടന്റെയും ആണവായുധ അന്തര്‍വാഹിനികള്‍ക്ക് ഇവിടെ താവളമൊരുക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2023 അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉ്ദ്ദേശിക്കുന്നത്.

പോര്‍ട്ട് കെംബ്ലയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് അടുത്തിടെ പ്രതിരോധ വകുപ്പ് കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

കൂടുതല്‍ വായനയ്ക്ക്:

എന്തുകൊണ്ട് ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനി?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.