ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; 27 ശതമാനം കുറവില്‍ എണ്ണ തരാം!

ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി റഷ്യ; 27 ശതമാനം കുറവില്‍ എണ്ണ തരാം!

മോസ്‌കോ: ഉക്രെയ്‌നെതിരായ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ വലയുന്ന റഷ്യ എണ്ണ വില്പനയ്ക്ക് പുതുമാര്‍ഗങ്ങള്‍ തേടുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുകയാണെങ്കില്‍ 27 ശതമാനം വരെ വിലക്കുറവില്‍ നല്കാമെന്ന ഓഫറാണ് കമ്പനികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്ത്യ ഈ വാഗ്ദാനത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

130 ഡോളറിനടുത്താണ് ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില. ഇന്ത്യയില്‍ വന്‍തോതില്‍ ഇന്ധനവില കൂടാന്‍ ഇപ്പോഴത്തെ സാഹചര്യം ഇടയാക്കും. റഷ്യന്‍ എണ്ണ വാങ്ങുകയാണെങ്കില്‍ 100 ഡോളറില്‍ താഴെ വിലയ്ക്കു ലഭിച്ചേക്കും. വലിയ ബാധ്യത ജനങ്ങളില്‍ അടിച്ചേല്പിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ ഉപരോധം മറികടക്കുക ഇന്ത്യയ്ക്ക് എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധയോടെയാകും നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനമെടുക്കുക.

കഴിഞ്ഞ കുറച്ചു നാളുകളായി എണ്ണ വാങ്ങുന്നതില്‍ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത് റഷ്യ, അമേരിക്ക രാജ്യങ്ങളെയാണ്. ഗള്‍ഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനാണിത്. കഴിഞ്ഞ ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ വലിയ കരാറില്‍ ഒപ്പിട്ടിരുന്നു. ഇതുപ്രകാരം രണ്ട് മില്യണ്‍ ടണ്‍ എണ്ണ ഇന്ത്യ ഡിസംബറിന് മുമ്പ് റഷ്യയില്‍ നിന്ന് വാങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.