ബാങ്കോക്ക്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തില്‍ അസ്വാഭാവികതകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വോണിന്റേത് സ്വാഭാവിക മരണമാണെന്ന നിഗമനമാണുള്ളതെന്നു തായ് പോലീസ് വക്താവ് കൃത്സന പട്ടനാചാരോന്‍ പറഞ്ഞു.
തായ് പോലീസ് ഇക്കാര്യങ്ങള്‍ താരത്തിന്റെ കുടുംബത്തെയും ഓസ്ട്രേലിയന്‍ എംബസിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കാന്‍ പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഷെയ്ന്‍ വോണിന്റെ മരണം സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്തിയതിനും വിവരങ്ങള്‍ കൈമാറിയതിനും ഓസ്ട്രേലിയന്‍ അംബാസഡര്‍ തായ് പോലീസിന് നന്ദി പറഞ്ഞു.
അന്വേഷണത്തില്‍, മരണം സംബന്ധിച്ച് സംശയാസ്പദമായ യാതൊന്നും ലഭിച്ചിട്ടില്ലെന്നു റോയല്‍ തായ് പോലീസിന്റെ ഉപദേഷ്ടാവായ ലെഫ്. ജനറല്‍ സുരചാറ്റ് ഹക്പര്‍ണ്‍ പറഞ്ഞു. വോണിന്റെ മൃതദേഹം റോഡ് മാര്‍ഗം തിങ്കളാഴ്ച രാത്രി ബാങ്കോക്കിലേക്ക് കൊണ്ടുവരുമെന്നും തുടര്‍ന്ന് ചൊവ്വാഴ്ച ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ന്‍ വോണ്‍ മകന്‍ ജാക്സണ്‍ വോണിനൊപ്പം മെല്‍ബണില്‍ (ഫയല്‍ ചിത്രം)
ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വേര്‍പാടില്‍നിന്നുള്ള നടുക്കത്തില്‍നിന്ന് കുടുംബാംഗങ്ങള്‍ ഇപ്പോഴും മുക്തരായിട്ടില്ല. തന്റെ പിതാവ് അവശേഷിപ്പിച്ച ശൂന്യത ഒരിക്കലും നികത്താകില്ലെന്ന് വോണിന്റെ മകന്‍ ജാക്സണ്‍ പറഞ്ഞു. ചിരിക്കുകയും എപ്പോഴും തമാശ പറയുകയും ചെയ്യുന്ന പിതാവിനോടൊപ്പമുള്ള ഓര്‍മ്മകള്‍ എക്കാലവും തന്റെ മനസില്‍ കാത്തുസൂക്ഷിക്കുമെന്ന് മകള്‍ ബ്രൂക്ക് പറഞ്ഞു.
തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് താമസിച്ചിരുന്ന ആഡംബര വില്ലയില്‍ വച്ച് വെള്ളിയാഴ്ച്ച ഷെയ്ന്‍ വോണ്‍ ഹൃദയാഘാതം വന്ന് മരിച്ചത്.
ദുരൂഹമായി ആംബുലന്‍സില്‍ ജര്‍മന്‍ യുവതിയുടെ സാന്നിധ്യം
ഷെയ്ന്‍ വോണിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സില്‍ ഒരു ജര്‍മന്‍ യുവതി ദുരൂഹമായി പ്രവേശിച്ചതിനെക്കുറിച്ച് തായ് ലന്‍ഡ് പോലീസ് അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ജര്‍മന്‍ യുവതിയെ തായ് ലന്‍ഡ് പോലീസ് പ്രത്യേകമായി ചോദ്യം ചെയ്തു. മരണം സംഭവിച്ച കോ സമുയി ദ്വീപിലെ ആശുപത്രിയില്‍ നിന്നും വോണിന്റെ മൃതദേഹം സൂറത്ത് താനി നഗരത്തിലേക്കു കൊണ്ടുപോകുമ്പോഴാണ് ഈ ജര്‍മന്‍ യുവതി ആംബുലന്‍സില്‍ പ്രവേശിച്ചത്. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
വോണിന്റെ മൃതദേഹം വഹിക്കുന്ന ആംബുലന്‍സ് ബോട്ടില്‍ കയറ്റുന്നതിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. പൂക്കളുമായി ഒരു തായ് ലന്‍ഡ് യുവതിക്കൊപ്പമാണ് ജര്‍മന്‍ യുവതി ആംബുലന്‍സിനരികെ എത്തിയത്. ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന പ്രാദേശിക ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനുമായും ആംബുലന്‍സ് ഡ്രൈവറുമായും ഈ യുവതി സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തായി. തുടര്‍ന്ന് ഇരുവരും ആംബുലന്‍സിനു പിന്നിലെത്തി ജര്‍മന്‍ യുവതി മാത്രം ഉള്ളില്‍ കടന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. ഇവര്‍ ഏതാണ്ട് 40 സെക്കന്‍ഡോളം സമയം ആംബുലന്‍സിനുള്ളിലുണ്ടായിരുന്നു.
വോണിന്റെ മൃതദേഹത്തെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും തായ്ലന്‍ഡിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ അലന്‍ മക്കിന്നനും ഓസ്‌ട്രേലിയയില്‍നിന്നെത്തിയ സര്‍ക്കാര്‍ പ്രതിനിധികളും അനുഗമിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് ഫെറിയില്‍ പാര്‍ക്ക് ചെയ്തപ്പോള്‍ അവര്‍ ഒപ്പമുണ്ടായിരുന്നില്ല.
ഷെയ്ന്‍ വോണിന്റെ മൃതദേഹം കൊണ്ടുപോകുന്നതില്‍ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തായ് ലന്‍ഡ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ഒരു ക്രിക്കറ്റ് ആരാധിക മാത്രമാണെന്ന് കണ്ടെത്തി. ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവര്‍ പൂക്കളുമായി വാഹനത്തില്‍ കയറിയത്. കോ സാമുയിയില്‍ താമസിക്കുന്ന സ്ത്രീയെ സംബന്ധിച്ച് ദുരൂഹതകള്‍ ഒന്നും കണ്ടെത്താനാവാത്തതിനാല്‍ അവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. അവര്‍ക്ക് വോണിനെ വ്യക്തിപരമായി അറിയില്ലെന്ന് പോലീസ് അറിയിച്ചു.
ശരീരഭാരം കുറയ്ക്കുന്നതിനായി ഷെയ്ന്‍ വോണ്‍ സ്വീകരിച്ചിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വോണ്‍ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകള്‍ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാക്കിയെന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്.
മദ്യപാനം മൂലമാണ് വോണിന്റെ മരണമെന്ന അഭ്യൂഹങ്ങളെ മാനേജര്‍ തള്ളി. ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണത്തിലും മദ്യപാനത്തിലും നിയന്ത്രണങ്ങള്‍ വരുത്തി. മരണസമയത്തൊന്നും വോണ്‍ മദ്യപിച്ചിരുന്നില്ലെന്നും മാനേജര്‍ വ്യക്തമാക്കി
വോണിനു ദേശീയ ബഹുമതികളോടെയുള്ള സംസ്‌കാരം നല്‍കുന്ന കാര്യം അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് ധാരണയിലെത്തിയതായി വിക്ടോറിയ സംസ്ഥാനത്തു നിന്നുള്ള ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ഡാനിയേല്‍ ആന്‍ഡ്രൂസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.