റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചു: സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ചു

റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചു: സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വച്ചു

കീവ്: ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സുരക്ഷാ പ്രശ്‌നങ്ങളുണ്ടായതിനാല്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തി വെച്ചു. സൂമിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാണ് താത്കാലികമായി നിര്‍ത്തി വെച്ചത്.

രക്ഷാ ദൗത്യത്തിനുള്ള പാത സുരക്ഷിതമല്ല എന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. റഷ്യന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് വിദ്യാര്‍ഥികളെ മാറ്റാനായിരുന്നു ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിനായി ബസുകള്‍ എത്തിക്കുകയും ചെയ്തിരുന്നു.

വിദ്യാര്‍ഥികള്‍ ബസില്‍ കയറി തുടങ്ങിയ സമയത്താണ് രക്ഷാ ദൗത്യം അടിയന്തരമായി നിര്‍ത്തി വയ്ക്കാന്‍ എംബസിയില്‍ നിന്നും നിര്‍ദേശം കിട്ടിയത്. ഉക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരാജയമെന്നും ഇന്ത്യന്‍ എംബസി പ്രതികരിച്ചു.

ഉക്രെയ്ന്‍ തലസ്ഥാനമായ കീവ്, മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നീ നാലു നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളെയായിരുന്നു ആദ്യം രക്ഷിക്കാനായി ശ്രമിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണ്.

പോരാട്ടം രൂക്ഷമായ ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പോരാട്ടം രൂക്ഷമായ പ്രദേശത്ത് കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ നിരവധി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്ന് റഷ്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.