സിറിയന്‍ പോരാളികളെ ഇറക്കി കീവ് പിടിക്കാന്‍ റഷ്യന്‍ ശ്രമമെന്ന് പെന്റഗണ്‍; സംഘര്‍ഷം കൈവിട്ടു പോകുമോയെന്ന് ആശങ്ക

സിറിയന്‍ പോരാളികളെ ഇറക്കി കീവ് പിടിക്കാന്‍ റഷ്യന്‍ ശ്രമമെന്ന് പെന്റഗണ്‍; സംഘര്‍ഷം കൈവിട്ടു പോകുമോയെന്ന് ആശങ്ക

വാഷിങ്ടണ്‍: ഉക്രെയ്നിനെതിരായ ആക്രമണം ശക്തമാക്കാന്‍ സിറിയന്‍ പോരാളികളെ റഷ്യ റിക്രൂട്ട് ചെയ്യുന്നതായി പെന്റഗണ്‍. ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമാരംഭിച്ചതിന് പിന്നാലെ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനായി പുതിയ തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് സിറിയയില്‍ നിന്നുള്ള പോരാളികളെ റഷ്യ റിക്രൂട്ട് ചെയ്യുന്നതെന്ന് മുതിര്‍ന്ന യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ പോരാളികള്‍ യുദ്ധത്തിന്റെ ഭാഗമാകാന്‍ തയ്യാറായി ഇപ്പോഴും റഷ്യയില്‍ തുടരുന്നതായും എത്ര പേരെ റിക്രൂട്ട് ചെയ്തു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമാവാത്തതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടുന്നില്ലെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വാള്‍ സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്ത റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കൈവിട്ടു പോകുമോയെന്ന ആശങ്കയ്ക്ക് ബലം നല്‍കുന്നതാണ്.

വന്‍ ആയുധസന്നാഹങ്ങളുമായെത്തിയിട്ടും ഉക്രെയ്ന്‍ നഗരങ്ങളില്‍ വന്‍ പ്രത്യാക്രമണമാണ് റഷ്യന്‍ പടയ്ക്ക് നേരിടേണ്ടിവന്നത്. നിരവധി നഗരങ്ങള്‍ കടന്ന് തലസ്ഥാനമായ കീവിനടുത്തു വരെ എത്തിയിട്ടുണ്ടെങ്കിലും നഗരത്തിലേക്ക് കടക്കാന്‍ ഇനിയുമായിട്ടില്ല. കനത്ത ചെറുത്തുനില്‍പ്പാണ് ഉക്രെയ്ന്‍ സൈന്യം തുടരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റഷ്യയുടെ പുതിയ യുദ്ധനീക്കം.

സിറിയന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിറിയന്‍ നഗരമായ ദേര്‍ഇസ്‌സോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദേര്‍ഇസ്‌സോര്‍24 ഡോട്ട് നെറ്റ്' റിപ്പോര്‍ട്ട് പ്രകാരം പോരാളികള്‍ക്ക് പ്രതിമാസം 200 മുതല്‍ 300 വരെ ഡോളര്‍ (ഏകദേശം 15,000 മുതല്‍ 23,000 രൂപ വരെ) ആണ് റഷ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഉക്രെയ്‌നില്‍ ആറു മാസം നീളുന്ന സൈനിക ഓപറേഷനുവേണ്ടിയെന്നു പറഞ്ഞാണ് ഇവരെ റഷ്യയിലെത്തിക്കുന്നത്.

ഇതിനോടകം തന്നെ ഉക്രെനിലേക്ക് പോകേണ്ട സിറയന്‍ പോരാളികള്‍ റഷ്യയില്‍ എത്തിയെന്നും നാല് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. അതേസമയം, സിറിയന്‍ പോരാളികളെ ഇറക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കാന്‍ റഷ്യന്‍ വൃത്തങ്ങള്‍ തയാറായിട്ടില്ല.

കീവ് പിടിക്കാന്‍ ഇതുവരെ സാധിക്കാത്ത റഷ്യക്ക് സിറിയന്‍ പോരാളികളുടെ വരവ് കൂടുതല്‍ ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടല്‍. തങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ഉക്രെയ്‌നിലേക്ക് ആര്‍ക്കും വരാമെന്നും വിസ ഉള്‍പ്പെടെ ഇതിന് ആവശ്യമില്ലെന്നും മുന്‍പ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ ഉക്രെയ്‌നിലേക്ക് എത്തിയെന്നും സെലന്‍സ്‌കി പറയുന്നു. സാധാരണക്കാര്‍ കൂടി ഉള്‍പ്പെടുന്ന പ്രതിരോധമാണ് റഷ്യക്ക് ഉക്രെയ്‌നിലെ മുന്നേറ്റം കൂടുതല്‍ ദുഷ്‌കരമാക്കുന്നത്. സിറിയന്‍ പോരാളികളെ ഉക്രെയ്‌നിലെ സാധാരണക്കാര്‍ക്ക് എതിരെ ഇറക്കി, കീവ് പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

2015-ലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പിന്തുണ പ്രഖ്യാപിച്ച് റഷ്യ യുദ്ധത്തിന്റെ ഭാഗമായിരുന്നു. വിമതസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കാനെന്നു പറഞ്ഞാണ് റഷ്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത്. സിറിയയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യം പോരാട്ടം തുടരുകയും ചെയ്യുന്നുണ്ട്. സൈനിക നടപടിക്കിടെയുള്ള പരിചയത്തില്‍നിന്നാണ് സിറിയന്‍ പോരാളികളെ ഇറക്കാന്‍ റഷ്യ തീരുമാനിച്ചത്.

ഇതിനോടകം തന്നെ നിരവധി വിദേശ പോരാളികള്‍ ഉക്രെയ്‌നു വേണ്ടി യുദ്ധത്തില്‍ അണിനിരന്നിട്ടുണ്ട്. 52 രാജ്യങ്ങളില്‍ നിന്നുള്ള 20,000-ത്തിലധികം ആളുകള്‍ ഉക്രെയ്‌നിയന്‍ സായുധ സേനയ്ക്കൊപ്പം ചേരാന്‍ രാജ്യത്തേക്ക് വരാന്‍ തയ്യാറാണെന്ന് പറഞ്ഞതായി വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.