ഉക്രെയ്‌നായി പോരാടാന്‍ വിദേശ പോരാളികളുടെ ആദ്യ പടയെത്തി; സൈന്യത്തില്‍ തമിഴ്‌നാട്ടുകാരനും

ഉക്രെയ്‌നായി  പോരാടാന്‍ വിദേശ  പോരാളികളുടെ ആദ്യ പടയെത്തി; സൈന്യത്തില്‍ തമിഴ്‌നാട്ടുകാരനും

കീവ്: കനത്ത റഷ്യന്‍ ബോംബാക്രമണത്തിനിടയില്‍ ആദ്യത്തെ വിദേശ പോരാളികള്‍ ഉക്രെയ്നിലെത്തി. ഇവര്‍ പോരാട്ടം ആരംഭിച്ചതായി ഉക്രെയ്ന്‍ പ്രതിരോധ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലവന്‍ ജനറല്‍ കെറിലോ ബുഡനോവ് മിലിട്ടറി ടൈംസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തന്റെ രാജ്യത്തെ സഹായിക്കാനായി വിദേശ പടയാളികളെ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി 'ഉക്രെയ്ന്‍ ഇന്റര്‍നാഷണല്‍ ലെജിയന്‍ ഓഫ് ടെറിട്ടോറിയല്‍ ഡിഫന്‍സ്' എന്ന പേരില്‍ പ്രത്യേക ഒരു സൈനീക വിഭാഗത്തെയും സൃഷ്ടിച്ചു. യു.എസ്, യു.കെ, സ്വീഡന്‍, ലിത്വാനിയ, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ബാച്ചുകളിലെ പോരാളികളെത്തിയത്.

അമേരിക്കയില്‍ നിന്നും 3,000 ആള്‍ക്കാര്‍ ഉള്‍പ്പടെ ലോകമെമ്പാടും ഏകദേശം 20,000 ആളുകള്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കണക്കാക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പൗരന്മാര്‍ ഉക്രെയിനില്‍ പോകുന്നതിനോട് പെന്റഗണ്‍ അനുകൂലമായല്ല പ്രതികരിച്ചത്.

പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അമേരിക്കക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ അഭ്യര്‍ത്ഥിച്ചു. ഉക്രെയ്നായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്‍ജിഒകള്‍ക്ക് സംഭാവന നല്‍കുകയാണ് വേണ്ടത്. അമേരിക്കക്കാര്‍ക്ക് പോകാന്‍ സുരക്ഷിതമായ സ്ഥലമാണ് ഉക്രെയ്ന്‍ എന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ആരെങ്കിലും ഇപ്പോഴും അവിടെയുണ്ടെങ്കില്‍ തിരികെ പോരാനും കിര്‍ബി ആവശ്യപ്പെടുന്നു.

യുദ്ധ പരിചയമുള്ള വിദേശ സന്നദ്ധ പ്രവര്‍ത്തകരെയാണ് തങ്ങള്‍ തിരയുന്നതെന്ന് ഉക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഇവരെ സ്വന്തം ആയുധങ്ങള്‍ കൊണ്ടു വരാനും അനുവദിക്കില്ല. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ തമിഴ്നാട്ടില്‍ നിന്നുള്ള സൈനിഖേഷ് രവിചന്ദ്രന്‍ ഉക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നതായി പറയുന്നു. എയ്റോസ്പേസ് എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥിയും തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ സുബ്രഹ്മണ്യം പാളയത്ത് താമസക്കാരനുമാണ് സൈനിഖേഷ് രവിചന്ദ്രന്‍.

സൈനിഖേഷ് നേരത്തെ രണ്ട് തവണ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഉയരം കുറവായതിനാല്‍ രണ്ട് തവണയും നിരസിക്കപ്പെട്ടു. തനിക്ക് അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ കഴിയുമോ എന്നറിയാന്‍ ചെന്നൈയിലെ യുഎസ് എംബസിയേയും സമീപിച്ചിരുന്നു. യുഎസ് ആര്‍മിയിലും ചേരാന്‍ കഴിയില്ലെന്ന് അറിഞ്ഞപ്പോള്‍ 2018ല്‍ ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയില്‍ ഒരു പ്രൊഫഷണല്‍ കോഴ്സ് പഠിച്ചു. പിന്നീട് വീഡിയോ ഗെയിമിംങ് ഡെവലപ്മെന്റ് കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലിയില്‍ പ്രവേശിച്ചു.

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൈനിഖേഷ് നിലവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ അര്‍ധ സൈനിക വിഭാഗത്തിന്റെ ഭാഗമാണ്. അതേസമയം മകനെ തിരിച്ചു കിട്ടാന്‍ കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥരുടെ സഹായം തേടാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ കുടുംബം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.