സിഡ്നിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കനാലില്‍

സിഡ്നിയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കനാലില്‍

സിഡ്‌നി: പടിഞ്ഞാറന്‍ സിഡ്നിയില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കനാലില്‍ കണ്ടെത്തി. വെന്റ്വര്‍ത്ത്വില്ലില്‍ ഞായറാഴ്ച മുതല്‍ കാണാതായ ഹെര്‍മ്മലത സോള്‍ഹിര്‍ സച്ചിതാനന്ദം (67), മകന്‍ ബ്രാമൂത്ത് (34) എന്നിവരുടെ മൃതദേഹങ്ങളാണു ലഭിച്ചത്.

ഇന്നലെ വൈകുന്നേരം 4:30-ന് വെള്ളം നിറഞ്ഞ കൂപ്പേഴ്സ് ക്രീക്ക് കനാലില്‍ നിന്ന് ഇവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ഇന്നു രാവിലെ എട്ടരയോടെ ഹോപ്കിന്‍സ് സെന്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹില്ലിന് സമീപമുള്ള കനാലിന്റെ ഭാഗത്താണ് സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടെത്തിയതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് ഡിറ്റക്റ്റീവ് സൂപ്രണ്ട് പോള്‍ ദേവാനി പറഞ്ഞു. അധികം താമസിയാതെ, സമീപത്ത് നിന്ന് മകന്റെ മൃതദേഹവും കണ്ടെത്തി.

ഇന്നലെ രാവിലെ 9 മണി മുതല്‍ സിഡ്നിക്കും ഉള്ളാഡുള്ളയ്ക്കും ഇടയില്‍ 100 മില്ലീമീറ്ററിനും 200 മില്ലീമീറ്ററിനും ഇടയിലാണ് മഴ പെയ്തത്. മോശം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പോള്‍ ദേവാനി ആവശ്യപ്പെട്ടു. ഈ പ്രതികൂല കാലാവസ്ഥയില്‍ അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ ദാരുണ സംഭവമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സിഡ്നിയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കനാലില്‍ ആളൊഴിഞ്ഞ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു പോലീസ് നടത്തിയ തെരച്ചിലില്‍ സമീപത്തായി ഒരാളുടെ മൃതദേഹവും കണ്ടെടുത്തു. ഇയാളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതിനിടെ, ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നതിനാല്‍ ആയിരത്തിലധികം ജനങ്ങളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

നാരാബീന്‍ ലഗൂണിന് ചുറ്റുമുള്ള സ്ഥലങ്ങളിലുള്ള ആളുകളോടാണ് ഒഴിയാന്‍ നിര്‍ദേശമുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈദ്യുതി, വെള്ളം, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയില്ലാതെ കുടുങ്ങിക്കിടക്കേണ്ടിവരുമെന്ന് സംസ്ഥാന എമര്‍ജന്‍സി സര്‍വീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26