വാഷിംഗ്ടൺ: റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസുമടക്കമുള്ള ഇന്ധനങ്ങൾ നിരോധിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനാണ് ഇക്കാര്യം അറിയിച്ചു. ഉക്രെയ്ൻ അധിനിവേശം കണക്കിലെടുത്താണ് റഷ്യക്കെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്.
റഷ്യൻ എണ്ണ, ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്, കൽക്കരി എന്നിവയ്ക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സഖ്യരാജ്യങ്ങളുമായി ആലോചിച്ചാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ചതെന്ന് വാർത്താസമ്മേളനത്തിൽ ബൈഡൻ ചൊവ്വാഴ്ച വ്യക്തമാക്കി.
'റഷ്യൻ എണ്ണ, വാതകം, ഊർജ്ജം എന്നിവയുടെ എല്ലാ ഇറക്കുമതിയും ഞങ്ങൾ നിരോധിക്കുന്നു. പുടിനെതിരെയുള്ള ഒരു നടപടി കൂടിയാണിത്. അമേരിക്കയും ആഗോള സമൂഹവും വിഷയത്തിൽ നിലപാട് സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ട അവസ്ഥയുണ്ടാകും. ഉക്രെയ്ൻ നഗരങ്ങൾ നിയന്ത്രണത്തിലാക്കിയാലും രാജ്യം കൈവശം വെച്ച് നിയന്ത്രിക്കാൻ റഷ്യക്ക് സാധിക്കില്ലെന്നും' ബൈഡൻ പറഞ്ഞു.
ഉപരോധം നിലവിൽ വരുന്നതോടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് അറിയിച്ചു. യുഎസിലെ എണ്ണയുടെയും പെട്രോളിയം ഉല്പന്നങ്ങളുടെയും ഇറക്കുമതിയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയുടെ പങ്ക്. അതിനാൽ റഷ്യൻ എണ്ണ ഇറക്കുമതി നിരോധിച്ച തീരുമാനം തിരിച്ചടിയാകില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.