'പള്‍സര്‍ സുനിയെ അപകടപ്പെടുത്തുമെന്ന് പറയുന്നത് കേട്ടു'; ദിലീപിനെതിരെ ജോലിക്കാരന്റെ മൊഴി

'പള്‍സര്‍ സുനിയെ അപകടപ്പെടുത്തുമെന്ന് പറയുന്നത് കേട്ടു'; ദിലീപിനെതിരെ  ജോലിക്കാരന്റെ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി. പോലീസ് ചോദിച്ചാൽ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകർ വിലക്കിയതായി ദാസൻ മൊഴി നൽകി.

പൾസർ സുനി പുറത്തിറങ്ങട്ടെ അവനെ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സൂരജ് പറയുന്നത് കേട്ടുവെന്ന ദാസന്റെ മൊഴി ദിലീപിനെ കൂടുതൽ കുഴപ്പത്തിലേക്കി. ദിലീപ് പ്രതിയായ വധ ഗൂഡാലോചനാ കേസിലെ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പോലീസ് ദാസനെ അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിന് ശേഷം ദിലീപിന്റെ സഹോദരൻ അനൂപ് ദാസനുമായി ബന്ധപ്പെട്ടിരുന്നു. ദാസനോട് കൊച്ചിയിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡൻസ് കമ്പനിയിലേക്ക് ഇയാൾ എത്തി. അവിടെവെച്ച് ബാലചന്ദ്രകുമാറിനോട് എന്തൊക്കെ പറഞ്ഞുവെന്ന് ഇവർ അന്വേഷിച്ചു.

പിന്നീട് ഇവർ ദാസനെ അവിടെ നിന്ന് കൂട്ടി അഭിഭാഷകനായ രാമൻപിള്ളയുടെ ഓഫീസിലേക്ക് പോയി. അവിടെവെച്ച് അഭിഭാഷകർ കൂടുതൽ ഒന്നും പറയരുതെന്ന് ദാസനെ വിലക്കിയതായും മൊഴിയിൽ പറയുന്നു. മറ്റൊരു ദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പും ദാസനെ വിളിപ്പിച്ചു. അവിടെവെച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാർ നൽകിയ പരാതിയുടെ പകർപ്പ് ദാസനെ വായിച്ച് കേൾപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ കാര്യങ്ങൾ പറയരുതെന്ന് ദാസനോട് അഭിഭാഷകർ നിർദേശിച്ചതായും ദാസന്റെ മൊഴിയിൽ പറയുന്നു.

താൻ ദിലീപിനെ കുറിച്ചുള്ളചില കാര്യങ്ങൾ പുറത്തുപറയുമെന്ന് ദാസനെ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു. ഇക്കര്യം ദിലീപിനെയോ അനൂപിനെയോ അറിയിക്കണമെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. അന്ന് ബാലചന്ദ്രകുമാറിനെ താൻ വിലക്കിയിരുന്നെന്നും ദാസൻ മൊഴി നൽകി.

സുനിൽ പുറത്തിറങ്ങട്ടെ താൻ കാണിച്ച് കൊടുക്കാമെന്ന് ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് മറ്റൊരാളോട് പറഞ്ഞത് താൻ കേട്ടിരുന്നെന്നും മൊഴിയിലുണ്ട്. പൾസർ സുനിയെ കുറിച്ചാണ് ഈ പറയുന്നതെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.