മണിപ്പൂരില്‍ ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുത്തു; കോണ്‍ഗ്രസിനെ കൈവിട്ടത് പരമ്പരാഗത വോട്ട് ബാങ്ക്

മണിപ്പൂരില്‍ ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുത്തു; കോണ്‍ഗ്രസിനെ കൈവിട്ടത് പരമ്പരാഗത വോട്ട് ബാങ്ക്

ഇംഫാല്‍: ക്രിസ്ത്യന്‍ സമുദായം ബിജെപിയുമായി അടുത്തതാണ് മണിപ്പൂരില്‍ രണ്ടാംവട്ടവും ബിജെപിയെ അധികാരത്തിലെത്തിച്ചത്. കോണ്‍ഗ്രസ് വോട്ട് ബാങ്കായിരുന്നു ഒരുകാലത്ത് മണിപ്പൂര്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ അവഗണിക്കപ്പെട്ടെന്ന തോന്നലുണ്ടായി തുടങ്ങിയതോടെ ക്രിസ്ത്യന്‍ വിഭാഗം അകന്നു തുടങ്ങി. മണിപ്പൂരില്‍ 42 ശതമാനം വരും ക്രിസ്ത്യന്‍ ജനസംഖ്യ. അസം മുഖ്യമന്ത്രിയും നോര്‍ത്തീസ്റ്റ് അലയന്‍സിന്റെ സൂത്രധാരനുമായ ഹിമ്മന്ത ബിശ്വ ശര്‍മ്മയാണ് പുതിയ വോട്ട് ബാങ്കുകളിലേക്ക് കടന്നു കയറാന്‍ ബിജെപിക്ക് വഴികാട്ടിയത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടുതലായി നേടാന്‍ ബിജെപിക്ക് ഇപ്പോള്‍ സാധിക്കുന്നു. ഹിന്ദു രാഷ്ട്രീയം ഉയര്‍ത്തി കാട്ടുന്ന വര്‍ഗീയ പാര്‍ട്ടിയെന്ന ദുഷ്‌പേരില്‍ നിന്ന് അവര്‍ക്ക് പുറത്തു കടക്കാന്‍ സാധിച്ചതായി രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരം ഉറപ്പിച്ച ഗോവയിലും ക്രിസ്ത്യന്‍ ജനസംഖ്യ 27 ശതമാനത്തിലേറെയാണെന്ന വസ്തുത വിസ്മരിച്ചു കൂടാ.

ഇത്തവണ മണിപ്പൂരിലെ ഒട്ടുമിക്ക ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപിയാണ് ജയിച്ചുകയറിയത്. മിക്കയിടത്തും കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടുകയും ചെയ്തു. ഇത് മാറുന്ന സമുദായ സമവാക്യത്തിന്റെ സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസ് മുസ്ലീം വോട്ടിനായി പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്ന വിമര്‍ശനം മണിപ്പൂരിലെയും ഗോവയിലെയും ഫലത്തോടെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും ബിജെപിക്കു സാധിക്കും.

അസം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ക്ക് കൂടുതലായി ഇരയാകേണ്ടി വരുന്നത് ക്രിസ്ത്യന്‍ വിഭാഗങ്ങളാണ്. അനധികൃത ബംഗ്ലാ കുടിയേറ്റക്കാരുമായി തദ്ദേശീയര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. അസമില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന ബദറുദീന്‍ അജ്മലിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ബദറുദീന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പലപ്പോഴും പ്രതിരോധത്തിലാക്കി. ഇപ്പോള്‍ അവരുമായി സഖ്യം അവസാനിപ്പിച്ചെങ്കിലും ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ കോണ്‍ഗ്രസ് ഏല്പിച്ച മുറിവ് ഇന്നും അവശേഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.