വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്കെതിരായുള്ള സാമ്പത്തിക ഉപരോധം അടിക്കടി തീവ്രമാക്കി അമേരിക്ക. മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം ഏറ്റവും സുഗമമാക്കുന്നതിന് റഷ്യക്ക് അനുവദിച്ചിരുന്ന 'മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍' പദവി യൂറോപ്യന്‍ യൂണിയനും ഗ്രൂപ്പ് ഓഫ് സെവന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് റദ്ദാക്കാനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും പുതിയത്.റഷ്യ-ഉക്രെയ്ന്‍ ചര്‍ച്ച ഉദ്ദേശിച്ചതു പോലെ പുരോഗമിച്ചില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഇക്കാര്യം പ്രസിഡന്റ് ജോ ബൈഡന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
റഷ്യക്ക് 'ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം' എന്ന വ്യാപാര പദവി നഷ്ടമാകുന്നത് ഉഭയ കക്ഷി വ്യാപാരത്തെ ഗുരുതരമായി ബാധിക്കും.ഇതോടെ റഷ്യന്‍ ഇറക്കുമതിയില്‍ യഥേഷ്ടം താരിഫ് ചുമത്താന്‍ യു.എസിനും സഖ്യകക്ഷികള്‍ക്കും വഴി തെളിയും. അധിനിവേശത്തിനുള്ള പ്രതികാരമായി റഷ്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ ഒറ്റപ്പെടും.ഇതുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തിനും അതിന്റേതായ ദേശീയ പ്രക്രിയകള്‍ പിന്തുടാന്‍ കഴിയുമെന്ന് അമേരിക്കയുടെ നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉന്നതന്‍ ചൂണ്ടിക്കാട്ടിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയുമായുള്ള 'സ്ഥിരമായ സാധാരണ വ്യാപാര ബന്ധങ്ങള്‍' എന്ന് ഔപചാരികമായി അറിയപ്പെടുന്ന നില ഇല്ലാതാക്കാന്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ബൈഡന്റെ നീക്കം. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വാരാന്ത്യത്തില്‍ കോണ്‍ഗ്രസില്‍ നടത്തിയ പരാമര്‍ശത്തില്‍ റഷ്യയ്ക്കെതിരെ നടപടിയെടുക്കാന്‍ യു.എസിലും സഖ്യകക്ഷികളിലും നിര്‍ബന്ധം ചെലുത്തി.ഇതിനിടെയാണ് റഷ്യന്‍ എണ്ണ, വാതക ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാന്‍ ബൈഡന്‍ തയ്യാറായത്.
ക്രൂഡ് വില വീണ്ടും കയറി
പെട്രോളിയം വിപണി ചാഞ്ചാടുകയാണ്. യുദ്ധഗതിയും എണ്ണ വിപണിയിലെ റഷ്യന്‍ സമീപനവുമാണു നിര്‍ണായകം. റഷ്യന്‍ ക്രൂഡ് വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളും കമ്പനികളും മടിക്കുകയാണ്. ചൈന ഈ വിടവ് നികത്താന്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നുണ്ട്. എങ്കിലും ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യം പല ഉല്‍പാദന കേന്ദ്രങ്ങളും അടച്ചിടേണ്ട നിലയിലാണ്. ഇതു വിപണിയെ ചാഞ്ചാട്ടത്തിലേക്കു നയിക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നലെ 109 ഡോളറിനു താഴെ എത്തിയ ശേഷം ഇന്നു കയറി 111 ഡോളര്‍ വരെ ആയി. പിന്നീട് അല്‍പം കുറഞ്ഞു.
വ്യാവസായിക ലോഹങ്ങളുടെ വിലയും കയറിയിറങ്ങുകയാണ്. അലൂമിനിയം വില മൂന്നു ശതമാനം ഉയര്‍ന്ന് 3428 ഡോളറില്‍ എത്തി. യൂറോപ്യന്‍ സ്റ്റീല്‍ വില രണ്ടു ശതമാനം കുറഞ്ഞു. സ്വര്‍ണ വിലയും വല്ലാതെ ചാഞ്ചാടുന്നു. ഇന്നലെ 1977 - 2009 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം ഇന്നു രാവിലെ 1990-1992 ഡോളര്‍ വരെ താഴ്ന്ന ശേഷം 1995 ലേക്കുയര്‍ന്നു.ഉക്രെയ്‌നില്‍ സമാധാന പ്രതീക്ഷ മങ്ങിയതും യുഎസ് പലിശ ഉയരുന്നതുമാണു സ്വര്‍ണത്തെ ബാധിച്ച ഘടകങ്ങള്‍.
വെടിനിര്‍ത്തലില്‍ തീരില്ല വാണിജ്യ യുദ്ധം
ഉക്രെയ്ന്‍ യുദ്ധം ആഗോള സാമ്പത്തിക - വാണിജ്യ ബന്ധങ്ങളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കു വഴി തെളിക്കുമെന്ന് ഇതിനിടെ നിരീക്ഷകര്‍ ആവര്‍ത്തിച്ച വിലയിരുത്തുന്നു.ഉക്രെയ്ന്‍ യുദ്ധം വാണിജ്യ യുദ്ധമായി പരിണമിച്ച. ഇതു വീണ്ടും സംരക്ഷണ വാദത്തിലേക്ക് രാജ്യങ്ങളെ നയിക്കും. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെ ലോക വാണിജ്യത്തില്‍ ശക്തമായ സംരക്ഷണവാദം വീണ്ടും ശക്തമാകും. അന്നത്തെ സംരക്ഷണവാദ നയങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ ലോക വാണിജ്യ തളര്‍ച്ചയ്ക്കിടയാക്കി. ലോക വ്യാപാര സംഘടന നിലവില്‍ വന്നശേഷമാണ് ആ നില മാറിയത്.
സ്വതന്ത്ര വ്യാപാര ബ്ലോക്കുകളും മറ്റും തുടര്‍ന്ന് ഉയര്‍ന്നു വന്നു. വാണിജ്യ വളര്‍ച്ചയ്ക്കു വേഗം കൂടി. ഇപ്പോള്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉപരോധം വന്നതോടെ പല രാജ്യങ്ങളും പ്രയാസത്തിലായി. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏഴു മുതല്‍ എട്ടുവരെ ശതമാനം റഷ്യയില്‍ നിന്നാണ്. പ്രകൃതി വാതകത്തിന്റെ 12 ശതമാനവും. ഗോതമ്പ്, ചോളം, പൊട്ടാഷ്, സ്വര്‍ണം, അലൂമിനിയം, യുറേനിയം, നിക്കല്‍, പല്ലാഡിയം തുടങ്ങിയവയുടെ കാര്യത്തിലും റഷ്യന്‍ പങ്ക് വലുതാണ്. ഇവിടെയൊക്കെ വില പരിധി വിട്ടു കൂടി. ഓരോ രാജ്യവും ഇനി രക്ഷയ്ക്കു സ്വന്തം വഴി തേടേണ്ട നിലയായി.
യുദ്ധം അവസാനിച്ചാലും ഈയവസ്ഥ ഉടനെങ്ങും മാറില്ല. മൂലധന നിക്ഷേപ കാര്യവും അങ്ങനെ തന്നെ. റഷ്യയില്‍ നിന്നു പാശ്ചാത്യ കമ്പനികള്‍ കൂട്ടത്തോടെ പിന്‍വാങ്ങുകയാണ്. മൂലധന നിക്ഷേപം സംബന്ധിച്ച ധാരണകള്‍ പാടേ തിരുത്തിക്കുറിക്കേണ്ട നില. ഇതൊക്കെ ഇക്കൊല്ലം മാത്രമല്ല വരും വര്‍ഷങ്ങളിലും ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാവുന്ന കാര്യങ്ങളാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.പെരുമഴ തോര്‍ന്നാലും മരപ്പെയ്ത്ത് നിലയ്ക്കില്ല.
ഇതിനിടെ അമേരിക്കയില്‍ ഫെബ്രുവരിയിലെ ചില്ലറ വിലക്കയറ്റം 7.9 ശതമാനത്തിലേക്കു കുതിച്ചുയര്‍ന്നു. ജനുവരിയില്‍ 7.5 ശതമാനമായിരുന്നു. ഇത് അടുത്ത ബുധനാഴ്ച യുഎസ് ഫെഡ് പലിശ നിരക്ക് എത്ര കണ്ടു കൂട്ടും എന്ന ചിന്തയിലേക്കു വിപണികളെ നയിച്ചിരിക്കുകയാണ്. വ്യാഴാഴ്ചത്തെ ആവേശവും പ്രതീക്ഷകളും മങ്ങിയ നിലയിലാണ് വിപണി. വ്യാഴാഴ്ചത്തെ മൂഡ് മാറ്റം വിവിധ ഭൂഖണ്ഡങ്ങളിലെ ഓഹരി നിലവാരത്തില്‍ പ്രകടമായി.ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ മൂന്നു ശതമാനം ഉയര്‍ന്നു. യൂറോപ്പ് മൂന്നു ശതമാനത്തോളം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഓഹരികള്‍ താഴ്ന്നു തുടങ്ങിയിട്ടു കൂടുതല്‍ താഴ്ന്നു. ഒടുവില്‍ നഷ്ടം ഒരു ശതമാനത്തില്‍ താഴെയാക്കി ക്ലോസ് ചെയ്തു.
യു.എസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളും താഴ്ചയിലാണ് ഓപ്പണ്‍ ചെയ്തത്. സിംഗപ്പുര്‍ എക്‌സ്‌ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നലെ 16,495ലാണു ക്ലോസ് ചെയ്തത്.ഇന്ത്യയിലെ നിഫ്റ്റി ക്ലോസിംഗില്‍ നിന്നു 100 പോയിന്റോളം താഴ്ചയിലാണത്. ഇന്നു രാവിലെ വീണ്ടും താണ് 16,457 ല്‍ എത്തിയിട്ട് അല്‍പം കയറി. ഇന്ത്യന്‍ വിപണി താഴ്ന്നു തുടങ്ങും എന്നാണ് ഇതു നല്‍കുന്ന സൂചന.ഇന്ത്യന്‍ വിപണി ഇന്നലെ ആവേശത്തോടെ തുടങ്ങുകയും പിന്നീടു കൂടുതല്‍ ഉയരുകയും ചെയ്തു. പക്ഷേ ഉച്ചയോടെ വില്‍പന സമ്മര്‍ദത്തില്‍ സൂചികകള്‍ ഉയരത്തില്‍ നിന്നു താഴെ വന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.