കൊല്‍ക്കത്ത: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വിജയിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി മമത ബാനര്‍ജി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒപ്പമുള്ളതുകൊണ്ടും വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താന്‍ സാധിച്ചതുകൊണ്ടുമാണ് ബിജെപിക്ക് വിജയം നേടാനായതെന്ന് മമത ആരോപിച്ചു.
ബിജെപിയുടെ വിജയം അവരുടെ ജനപ്രീതിയിലേക്കല്ല പകരം വോട്ടെണ്ണലിലെ ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് മമതയുടെ വിമര്‍ശനം. ‘ബിജെപിയെ രാഷ്ട്രീയമായി എതിരിടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിനെ ഇനിയും ആശ്രയിക്കുന്നതില്‍ യാതൊരു കാര്യവുമില്ലെന്ന് മമത കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഒരു കാലത്ത് സംഘടനാ പ്രവര്‍ത്തനം കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കിയിരുന്നു. എന്നാല്‍ ഇന്ന് അവര്‍ക്ക് അതിനൊന്നും യാതൊരു താല്‍പ്പര്യവുമില്ല. അവരുടെ വിശ്വാസ്യത തന്നെ ജനങ്ങള്‍ക്കുമുന്നില്‍ നഷ്ടമായിരിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഈ വിശാല ലക്ഷ്യത്തിനായി ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്’ എന്ന് മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ പരാജയത്തില്‍ അഖിലേഷ് യാദവ് നിരാശനാകരുതെന്നും മമത പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് വാരണാസിയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വലിയ അട്ടിമറി നടന്നിട്ടുണ്ടെന്ന് മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.