വിശുദ്ധ ചാവറയച്ചനും ചെറുശേരിക്കും കൃഷ്ണപിള്ളയ്ക്കും എം.എസ് വിശ്വനാഥനും സ്മാരകങ്ങള്‍

വിശുദ്ധ ചാവറയച്ചനും ചെറുശേരിക്കും കൃഷ്ണപിള്ളയ്ക്കും എം.എസ് വിശ്വനാഥനും സ്മാരകങ്ങള്‍

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും പണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാദര്‍ ചാവറ കുര്യാക്കോസ് ഏലിയാസ്, പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍, ചെറുശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക.

കൂടാതെ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് ഒരു കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം ആരംഭിക്കും. നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് രണ്ട് കോടി രൂപ ചെലവില്‍ പി. കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം ആരംഭിക്കും. കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ രണ്ട് കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രവും പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും അനുവദിക്കും.

ചെറുശേരിയുടെ നാമധേയത്തില്‍ കണ്ണൂരിലെ ചിറയ്ക്കലില്‍ സ്മാരകം സ്ഥാപിക്കുന്നതിനായി രണ്ട് കോടി. ചേരാനെല്ലൂര്‍ അല്‍ ഫാറൂഖ്യ സ്‌കൂളിന് എതിര്‍വശത്തുള്ള അകത്തട്ട് പുരയിടത്തില്‍ നവോത്ഥാന നായകന്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ ഉള്‍പ്പടെയുള്ള സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനായി 30 ലക്ഷം. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനായി ഒരു കോടി രൂപയും ബജറ്റില്‍ വകയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.