അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 12
ഇറ്റലിയിലെ ടസ്‌കാനിയിലുള്ള സാന്‍ ജെമിനിയാനോയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച സാധാരണ പെണ്‍കുട്ടിയായിരുന്നു സെറാഫിനാ. 1238 ലായിരുന്നു ജനനം അവളുടെ ചെറുപ്പത്തിലേ പിതാവ് മരിച്ചു. വിധവയായിത്തീര്‍ന്ന അമ്മ പണിയെടുത്താണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്.
കാഴ്ചയ്ക്ക് ഏറെ സുന്ദരിയായിരുന്നു സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും എപ്പോഴും തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അവള്‍ ദരിദ്ര്യര്‍ക്കായി ദാനം ചെയ്യുക പതിവായിരുന്നു. കൂടുതല്‍ സമയവും പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാനാണ് അവള്‍ ഇഷ്ടപ്പെട്ടിരുന്നത്. അല്ലാത്തപ്പോഴെല്ലാം ജോലികളില്‍ മുഴുകി.
തുന്നല്‍, നൂല്‍നൂല്‍ക്കല്‍ തുടങ്ങിയവയായിരുന്നു ജോലികള്‍. ചെറുപ്പം മുതലേ അവള്‍ പരിത്യാഗ പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. അല്‍പം ഭക്ഷണം മാത്രം കഴിക്കുക, രുചികരമായ ഭക്ഷണം ഒഴിവാക്കുക അങ്ങനെയൊക്കെ. നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ഒന്നും അവളെ ആകര്‍ഷിച്ചില്ല.
പത്താമത്തെ വയസില്‍ അവള്‍ക്ക് തളര്‍വാതം പിടിപെടുകയും കഴുത്തിനു കീഴ്പ്പോട്ട് മുഴുവനായും തളര്‍ന്നു പോവുകയും ചെയ്തു. ഇതോടെ ശരീരമാകെ വികലമായി. ചലിപ്പിക്കാവുന്ന ഒരേയൊരു ശരീരഭാഗം മുഖം മാത്രമായിരുന്നു. പിന്നീടുള്ള കാലം മുഴുവന്‍ അമ്മയെ ആശ്രയിച്ചാണ് സെറാഫിനാ കഴിഞ്ഞത്. ഓക്കുമരത്തിന്റെ തടിപ്പലകയിലാണ് അവള്‍ കിടന്നത്. ഒരു വശം ചെരിഞ്ഞു കിടക്കാന്‍ മാത്രമേ അവള്‍ക്ക് ആകുമായിരുന്നുളളൂ. അതിനാല്‍ ആ ഭാഗം മുഴുവന്‍ പൊട്ടുകയും വ്രണമാകുകയും ചെയ്തു. വ്രണങ്ങളില്‍ പുഴുക്കളുമുണ്ടായി.
സെറാഫിനായുടെ പതിനഞ്ചാം വയസില്‍ അവളുടെ അമ്മ മരിച്ചു. മാര്‍പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറി, സെറാഫിനായുടെ ഇഷ്ട വിശുദ്ധനായിരുന്നു. ഒരു ദിവസം സെറാഫിനായ്ക്ക് പ്രത്യക്ഷപ്പെട്ട വിശുദ്ധന്‍ അവള്‍ പെട്ടെന്നുതന്നെ സ്വര്‍ഗത്തില്‍ തന്നോടൊപ്പം ദൈവത്തെ ആരാധിക്കുമെന്ന് അറിയിച്ചു. സെറാഫിനാ സന്തോഷത്തോടെ ആ ദിവസത്തിനായി കാത്തിരുന്നു.
വിശുദ്ധന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 12 അടുത്തു വരികയായിരുന്നു. സെറാഫിനായാകട്ടെ, ദൈവ സന്നിധിയിലെത്താന്‍ വെമ്പല്‍കൊണ്ടിരിക്കുകയും. അങ്ങനെ ആ മാര്‍ച്ച് 12 ന് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആത്മാവ് ദൈവ സന്നിധിയിലേയ്ക്ക് യാത്രയായ ആ നിമിഷത്തില്‍ തന്നെ സാന്‍ ജെമിനിയാനോയിലെ പള്ളിമണികള്‍ താനെ മുഴങ്ങി.
പാരമ്പര്യം പറയുന്നതനുസരിച്ച് സെറാഫിനായുടെ ശരീരം നാളുകളായി അവള്‍ കിടന്നിരുന്ന മരപ്പലകയില്‍ നിന്ന് മാറ്റിയപ്പോള്‍ അതില്‍ നിറയെ വെള്ള ലില്ലി പൂക്കള്‍ വിരിഞ്ഞു നിന്നു. മാത്രമല്ല അവളുടെ ശരീരത്തില്‍ നിന്നും സുഗന്ധം വമിച്ചു. വിശുദ്ധയുടെ തിരുനാള്‍ ദിനമായ മാര്‍ച്ച് 12 നോടടുത്ത് പുഷ്പിക്കുന്ന വെള്ള ലില്ലി പുഷ്പങ്ങളെ ജെമിനിയാനോയിലെ കര്‍ഷകര്‍ സാന്താ ഫിനായുടെ പുഷ്പങ്ങളെന്നാണ് ഇപ്പോഴും വിളിക്കുന്നത്.
വിശുദ്ധ സെറാഫിനായുടെ മാധ്യസ്ഥം വഴിയായി അനേകം അത്ഭുതങ്ങള്‍ പില്‍ക്കാലത്തും സംഭവിക്കുന്നു. ശാരീരിക വൈകല്യമുള്ളവരുടെ പ്രത്യേക മധ്യസ്ഥയാണ് ഈ വിശുദ്ധ.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. കാരിനോളായിലെ ബര്‍ണാര്‍ഡ്
2. നിമീഡിയായിലെ മാക്‌സിമീലിയന്‍
3. വിഞ്ചെസ്റ്റര്‍ ബിഷപ്പായ എല്‍ഫെജ്ജ് സീനിയര്‍
4. നിക്കോമേഡിയായിലെ എഗ്ഡൂനൂസും കൂട്ടരും
5. റോമന്‍ രക്തസാക്ഷിയായ മമീലിയന്‍ (മാക്‌സിമീലിയന്‍).
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26