ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു; ഒരാൾ പിടിയിൽ

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ: നാല് ഭീകരരെ സൈന്യം വധിച്ചു; ഒരാൾ പിടിയിൽ

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വിവിധ ഇടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച്‌ സൈന്യം. പുല്‍വാമയിലും ഹന്ദ്വാരയിലും ഗന്ദേര്‍ബാലിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്.

സംഭവങ്ങളില്‍ നാല് ഭീകരരെ സൈന്യം വകവരുത്തിയതായും ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് കശ്മീര്‍ പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട ജയ് ഷെ മുഹമ്മദ് ഭീകരന്‍ പാകിസ്താന്‍ സ്വദേശിയാണ് എന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയായിരുന്നു കശ്മീരിലെ അഞ്ചോളം ഇടങ്ങളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമയിലും ഹഡ്വാരയിലും ഉണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഇവിടെ നിന്നാണ് ഒരാളെ ജീവനോടെ പിടികൂടിയത്. പുല്‍വാമയിലെ തന്നെ ചെവാക്ലാന്‍ മേഖലയില്‍ ആയിരുന്നു മറ്റൊരു ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ, ഗന്‍ഡേര്‍ബാല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയും ഏറ്റുമുട്ടലുണ്ടായി.

നെച്ഹാമ, രാജ്വാര്‍, ഹദ്വാര എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇവിടങ്ങളില്‍ തെരച്ചില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്നും മേഖലയിലെ സാഹചര്യങ്ങള്‍ സുരക്ഷാ സേന നിരീക്ഷിച്ച്‌ വരികയാണ് എന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം, കുല്‍ഗാമിലെ ഒഡോറയില്‍ ബിജെപി സര്‍പഞ്ചിനെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയിരുന്നു.
ഷബീര്‍ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച്‌ കൊന്നത്. ഷബീറിന്റെ വീടിന് സമീപത്തു നിന്നാണ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പുല്‍വാമയില്‍ ഉള്‍പ്പെടെ ഭീകര സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്നലെ രാത്രി തന്നെ തെരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഭീകരരെ വധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.