മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കനത്ത മഴയ്ക്കു പിന്നാലെ നാലു സംസ്ഥാനങ്ങളില്‍ ജപ്പാന്‍ ജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെ, നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് രോഗം ബാധിച്ചെന്ന വെളിപ്പെടുത്തലുമായി കുടുംബം. വിക്‌ടോറിയ സംസ്ഥാനത്ത് താമസിക്കുന്ന ലൂക്ക് ഗില്ലിലാന്‍ഡിന്റെയും ബെക് കിന്റോസിന്റെയും മകന്‍ സാം ആണ് ജപ്പാന്‍ ജ്വരം ബാധിച്ച് ആഴ്ച്ചകളോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. വൈറസിനെ തിരിച്ചറിയാന്‍ വൈകിയതും രോഗാവസ്ഥ സങ്കീര്‍ണമാക്കി. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ചികിത്സയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്ത കുഞ്ഞ് വീട്ടില്‍ തിരിച്ചെത്തി.
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ ആഴ്ച്ച പെയ്ത കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ജപ്പാന്‍ ജ്വരം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ രോഗവ്യാപനം നേരത്തെ ആരംഭിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് സാമിന്റെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍.
ജനുവരിയില്‍ കുടുംബം വിനോദസഞ്ചാര കേന്ദ്രത്തില്‍ അവധിക്കാലം ചെലവഴിച്ച് തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിക്ടോറിയ-ന്യൂ സൗത്ത് വെയില്‍സ് അതിര്‍ത്തിയിലെ അല്‍ബറി-വോഡോംഗയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹ്യൂം തടാകത്തിനു സമീപമാണ് കുടുംബം താമസിച്ചത്. ഇവിടെനിന്ന് മടങ്ങിയെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞിന് കടുത്ത പനി, തളര്‍ച്ച, വിറയല്‍ എന്നിവ ബാധിച്ചു. തുടര്‍ന്ന് ദമ്പതികള്‍ ആംബുലന്‍സ് വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
കുഞ്ഞിനെ ബാധിച്ചത് മെനിഞ്ചൈറ്റിസാണെന്നു കരുതി പത്തു ദിവസത്തോളം അതിനുള്ള ചികിത്സയാണ് നല്‍കിയത്. പിന്നീട് ജപ്പാന്‍ ജ്വരമാണെന്നു സ്ഥിരീകരിച്ചത്. കുഞ്ഞിന് ശരീരഭാരം കുറയുകയും പേശികളുടെ ശക്തി നഷ്ടപ്പെടുകയും തുടര്‍ച്ചയായ ഫിസിയോതെറാപ്പി ആവശ്യമായി വരികയും ചെയ്തിരുന്നു. ഇപ്പോഴും ഒരു നഴ്‌സ് വീട്ടിലെത്തി കുഞ്ഞിനെ സന്ദര്‍ശിക്കുന്നുണ്ട്.
ഹ്യൂം തടാകം ഉള്‍പ്പെടെയുള്ള വിക്ടോറിയന്‍-ന്യൂ സൗത്ത് വെയില്‍സ് അതിര്‍ത്തി പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക് കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകുകള്‍ കൂടുതലുള്ള മേഖലകളില്‍ പോകുന്നത് പരിമിതപ്പെടുത്തണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
1990കള്‍ മുതല്‍ ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലകളില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും തെക്കന്‍ മേഖലകളില്‍ ഇത് അസാധാരണമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26