യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് അവസരങ്ങള്‍; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് അവസരങ്ങള്‍; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കുന്നു. ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന നാലാമത് ഡാറ്റാ സെന്ററായിരിക്കും ഹൈദരാബാദിലേത്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ സജ്ജമാക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് പോലുള്ള നവയുഗ സാങ്കേതിക വിദ്യകളിലേക്ക് അതിവേഗം ചുവടുമാറുന്ന ഹൈദരാബാദിലെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ പുതിയ നീക്കം.

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ക്ലൗഡിനുള്ള ആവശ്യം ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ ഉടനീളം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തന ക്ഷമമാക്കിയാല്‍ അത് ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2025ല്‍ ആയിരിക്കും ഡാറ്റ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുക. സാങ്കേതിക രംഗത്ത് പരിജ്ഞാനമുള്ള യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഈ ഡാറ്റ സെന്റര്‍ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കി വെച്ചിരിക്കുന്നത്.

ക്ലൗഡ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഏകദേശം 10 ശതകോടി ഡോളറിന്റെ അവസരങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.