റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസ് കിറില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനൊപ്പം
കീവ്: ഉക്രെയ്‌നിലെ അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന അഭ്യര്‍ഥനയുമായി ഐറിഷ് കത്തോലിക്കാ ബിഷപ്പുമാര്‍. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസായ കിറില്‍ ഉള്‍പ്പെടെ എല്ലാ ക്രൈസ്തവ വിശ്വാസികളും സമാധാനത്തിനായി പരിശ്രമിക്കണമെന്നും അയര്‍ലന്‍ഡിലെ മെയ്‌നൂത്തിലെ സെന്റ് പാട്രിക്‌സ് കോളജില്‍ നടന്ന പൊതുയോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പാത്രിയാര്‍ക്കീസിന് അടുത്ത ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.
'വെടിനിര്‍ത്തലിനും ഇരു വിഭാഗവും ആയുധങ്ങള്‍ താഴെ വയ്ക്കുന്നതിനുമായി നടക്കുന്ന ആത്മീയവും പ്രായോഗികവുമായ പരിശ്രമങ്ങളില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും പാത്രിയാര്‍ക്കീസ് കിറിലും ഉള്‍പ്പെടെ എല്ലാവരും പങ്കുചേരണം'.
ഐറിഷ് കത്തോലിക്കാ ബിഷപ്പുമാരെക്കൂടാതെ പോളണ്ടിലെ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കിയും ജര്‍മ്മനിയിലെ കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സും യുദ്ധത്തിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാത്രിയാര്‍ക്കീസിനോട് ആവശ്യപ്പെട്ടു.
ഉക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് അയര്‍ലന്‍ഡില്‍ താമസസൗകര്യം ഒരുക്കണമെന്ന് ഐറിഷ് ബിഷപ്പുമാര്‍ ഇടവകകളോട് ആവശ്യപ്പെട്ടു.
'ഈ പരീക്ഷണ വേളയില്‍, അയര്‍ലന്‍ഡിലുള്ള ഉക്രെയ്‌നിയന്‍ സമൂഹത്തിന് പ്രാര്‍ത്ഥനാപൂര്‍വമായ പിന്തുണ നല്‍കണം. അതേസമയം, രക്തരൂക്ഷിതമായ യുദ്ധത്തിന് ഉത്തരവാദികളല്ലാത്ത റഷ്യക്കാരെ അംഗീകരിക്കുകയും വേണം'-ബിഷപ്പുമാര്‍ പറഞ്ഞു.
'സമീപ ഭാവിയില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അയര്‍ലന്‍ഡില്‍ എത്തുമ്പോള്‍, നമ്മുടെ ഹൃദയങ്ങളും വീടുകളും അവരെ സ്വീകരിക്കാനായി തുറന്നുകൊടുക്കാന്‍ സുവിശേഷം നമ്മോട് ആവശ്യപ്പെടുകയാണ്'.
യുദ്ധഭൂമിയില്‍ വീടുകള്‍ ഒഴിയേണ്ടി വന്ന ജനങ്ങള്‍ അനുഭവിക്കുന്ന മാനസികാഘാതത്തില്‍നിന്ന് ഉക്രെയ്ന്‍കാരെ കരകയറ്റാന്‍ അഭയാര്‍ത്ഥികളായി എത്തുന്നവരെ അനുകമ്പയോടെ നാം സ്വാഗതം ചെയ്യണം. അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കാനും എല്ലാ ഇടവക സമൂഹങ്ങളോടും ആവശ്യപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അയര്‍ലന്‍ഡിലേക്കും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ഉക്രെയ്ന്‍കാര്‍ക്ക് വിസ നിബന്ധനകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തെ ബിഷപ്പുമാര്‍ അഭിനന്ദിച്ചു. വടക്കന്‍ അയര്‍ലന്‍ഡില്‍ അഭയം തേടുന്ന എല്ലാ ഉക്രെയ്ന്‍കാരുടെയും അവകാശങ്ങള്‍ക്കും അന്തസിനും മുന്‍ഗണന നല്‍കണമെന്ന് യു.കെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലും യുകെയുടെ ഭാഗമായ വടക്കന്‍ അയര്‍ലന്‍ഡിലും താമസിക്കുന്ന ബിഷപ്പുമാരാണ് ഐറിഷ് ബിഷപ്പുമാരുടെ സമ്മേളനത്തില്‍ ഉള്‍പ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.