പകുതി രാജ്യങ്ങളെയെങ്കിലും നയിക്കുന്നത് സ്ത്രീകള്‍ ആയിരുന്നെങ്കില്‍ യുദ്ധം ഒഴിവായേനെ: മെറ്റ കമ്പനി സി ഒ ഒ

പകുതി രാജ്യങ്ങളെയെങ്കിലും നയിക്കുന്നത് സ്ത്രീകള്‍ ആയിരുന്നെങ്കില്‍ യുദ്ധം ഒഴിവായേനെ: മെറ്റ കമ്പനി സി ഒ ഒ

വാഷിംഗ്ടണ്‍: പകുതി രാജ്യങ്ങളുടെയെങ്കിലും ഭരണാധികാരികള്‍ സ്ത്രീകളായിരുന്നെങ്കില്‍ ലോകം സമാധാനത്തില്‍ നീങ്ങുകയും കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാവുകയും ചെയ്യുമായിരുന്നെന്ന് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃസ്ഥാപനമായ മെറ്റയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രേഖപ്പെടുത്തിയ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിനു പേര്‍ക്കു ചര്‍ച്ചാ വിഷയമായി.

സ്ത്രീകള്‍ തലപ്പത്തുള്ള രാജ്യങ്ങള്‍ യുദ്ധത്തിന് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് ഷെറില്‍ സാന്‍ബെര്‍ഗ് പറഞ്ഞു. കൊറോണ മഹാമാരിയുടെ ആദ്യ നാളുകളില്‍ സ്ത്രീകള്‍ നയിച്ച പല രാജ്യങ്ങളും പുരുഷന്‍മാര്‍ ഭരിച്ച രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതായും ഷെറില്‍ ചൂണ്ടിക്കാട്ടി. വനിതാഭരണാധികളുടെ കീഴിലായിരുന്നുവെങ്കില്‍ റഷ്യയും ഉക്രെയ്നും തമ്മില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് ഷെറില്‍ അഭിപ്രായപ്പെട്ടു.

ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം പതിനാറാം നാള്‍ പിന്നിട്ടപ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍ ആശങ്ക രേഖപ്പെടുത്തുന്നതിനിടെയായിരുന്നു ഷെറില്‍ സാന്‍ബെര്‍ഗിന്റെ വ്യത്യസ്ത നിരീക്ഷണം.ലോകത്തിലെ പകുതി രാജ്യങ്ങളും സ്ത്രീകളാല്‍ നയിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം സുരക്ഷിതവും കൂടുതല്‍ സമ്പന്നവുമാകുമായിരുന്നു എന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മെറ്റ സി.ഒ.ഒ കൂട്ടിച്ചേര്‍ത്തു. .

സ്വേച്ഛാധിപതികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ തിരിച്ചടിയാണെന്നും അവര്‍ പറഞ്ഞു. റഷ്യന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ആളുകളുടെ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ വഷളാക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.യുദ്ധത്തിന് പ്രേരിപ്പിക്കുന്നതില്‍ മെറ്റയ്ക്കും ഗൂഗിളിനും ഉത്തരവാദിത്വമുണ്ടെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശത്തിന് മറുപടിയായിട്ടായിരുന്നു ഷെറിലിന്റെ വിമര്‍ശനം.

ചീഫ് ഓപ്പറേറ്റിങ് ഓഫീസറര്‍ രേഖപ്പെടുത്തിയ അഭിപ്രായം പുറത്തുവന്നതോടൊപ്പം മറ്റൊരു തീരുമാനവുമായി ജീവനക്കാരെ മെറ്റ ഞെട്ടിച്ചതും സോഷ്യല്‍ മീഡിയയുടെ വിഷയമായിരുക്കുകയാണ്. സൗജന്യമായി കൊടുത്തിരുന്ന സുഖസൗകര്യങ്ങളില്‍ ചിലത് കമ്പനി നിര്‍ത്തലാക്കിയെന്ന വിവരം ജീവനക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് മെറ്റയുടെ പുതിയ തീരുമാനങ്ങള്‍ പുറം ലോകമറിഞ്ഞത്. ജീവനക്കാരുടെ വസ്ത്രങ്ങള്‍ അലക്കാനുള്ള സൗകര്യവും ഡ്രൈക്ലീനിംഗും പരിചാരക സേവനവും മെറ്റ സൗജന്യമായി കൊടുത്തിരുന്നു. ഇതിനൊപ്പം വൈകുന്നേരത്തെ ഭക്ഷണവും കമ്പനി സൗജന്യമായി നല്‍കിയിരുന്നു.ഇതെല്ലാമാണ് നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയതോടെ ഫലത്തില്‍ ആ ആനുകൂല്യം നിഷേധിക്കപ്പെടുന്ന അവസ്ഥ വന്നു. വൈകിട്ട് ആറ് മണിക്ക് ലഭിച്ചിരുന്ന ഭക്ഷണം ഇനി മുതല്‍ അര മണിക്കൂര്‍ കൂടി വൈകിയേ ലഭിക്കുകയുള്ളു.ആറു മണിക്കാണ് ഓഫീസിലെ അവസാന ഷിഫ്റ്റ് കഴിഞ്ഞ് ഷട്ടില്‍ ബസ് പോകുന്നത്. ഇനി മുതല്‍ ജോലി കഴിഞ്ഞ് ആറര വരെ കാത്തുനിന്ന് സൗജന്യ ഭക്ഷണം കഴിക്കണോ അതോ ആറുമണിക്കുള്ള സൗജന്യ തിരികെ യാത്ര വേണമോയെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാം.അതേസമയം, ഈ സൗകര്യങ്ങള്‍ നിര്‍ത്തിയതിനു പിന്നാലെ ഈ വര്‍ഷം ജീവനക്കാരുടെ വെല്‍നസ് സ്‌റ്റൈപ്പെന്‍ഡ് 700 ഡോളറില്‍ നിന്ന് 3,000 ഡോളറായി ഉയര്‍ത്തുമെന്നു മെറ്റ അറിയിച്ചിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം ശൈലിക്കു ശേഷം ജീവനക്കാര്‍ തിരികെ ഓഫീസിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ചില ഓണ്‍സൈറ്റ് സേവനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചതായി ഫേസ്ബുക്ക് വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ മാറ്റങ്ങള്‍. മാര്‍ച്ച് 28 നാണ് ജീവനക്കാര്‍ ഓഫീസുകളിലേക്ക് തിരിച്ചെത്തുന്നത്. ജോലിക്കെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുത്തിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സ്ഥിരം വര്‍ക്ക് ഫ്രം ഹോമിന് അപേക്ഷിക്കാനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.