സഹോദനെ കൊന്ന കായേന്റെ ആധുനിക അവതാരമാണ് പുടിനെന്ന് ഉക്രെയ്ന്‍ പുരോഹിതന്‍

സഹോദനെ കൊന്ന കായേന്റെ ആധുനിക അവതാരമാണ് പുടിനെന്ന് ഉക്രെയ്ന്‍ പുരോഹിതന്‍

കീവ്: സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി സ്വന്തം സഹോദനെ കൊന്ന കായേന്‍ എന്ന ബൈബിള്‍ കഥാപാത്രത്തെ റഷ്യന്‍ പ്രസിഡന്റ് പുടിനോട് ഉപമിച്ച് ഉക്രെയ്ന്‍ പുരോഹിതന്‍.

വ്ളാഡിമിര്‍ പുടിന്‍ സാത്താന്റെ അധീനതയിലാണെന്നും ആധുനിക കാലത്തെ കായേന്റെ അവതാരമാണെന്നും ഉക്രെയ്‌ന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിലെ ഓര്‍ത്തഡോക്‌സ് റിസറക്ഷന്‍ ന്യൂ അതോസ് മൊണാസ്ട്രിയിലെ പുരോഹിതനായ ഇയോവ് ഓള്‍ഷാന്‍സ്‌കി പറയുന്നു.

ബൈബിളിലെ ഉല്‍പത്തി പുസ്തകത്തിലെ കഥാപാത്രങ്ങളാണ് സഹോദരങ്ങളായ കായേനും ആബേലും. ദൈവത്തിന്റെ പ്രീതി ലഭിച്ച ആബേലിനോട് അസൂയ തോന്നിയ കായേന്‍ സ്വന്തം സഹോദരനെ കൊന്നുകളയുകയായിരുന്നു. ഈ വേദഭാഗം ഉദ്ധരിച്ചാണ് പുരോഹിതന്‍ വിമര്‍ശനമുന്നയിച്ചത്.

'എല്ലാ പ്രാര്‍ത്ഥനകളും ഇപ്പോള്‍ ഉക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സൈന്യത്തിന്റെ വിജയത്തിനുമാണ്'-അദ്ദേഹം പറയുന്നു.

ഓള്‍ഷാന്‍സ്‌കി മേല്‍നോട്ടം വഹിക്കുന്ന ആശ്രമം യുദ്ധത്തില്‍ പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനുള്ള കേന്ദ്രമായി മാറി.

അതേസമയം, ഉക്രെയ്ന്‍ അധിനിവേശത്തെ എതിര്‍ക്കാനോ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കാനോ തയാറാകാത്ത റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നിരവധി വൈദികര്‍ തയാറെടുക്കുകയാണ്.

അതിനിടെ യുദ്ധത്തിനെതിരേ പരസ്യനിലപാടു സ്വീകരിച്ച ഓര്‍ത്തഡോക്‌സ് വൈദികനെതിരെ റഷ്യന്‍ പോലീസ് കേസെടുത്തു. മോസ്‌കോയില്‍നിന്ന് 300 കിലോമീറ്റര്‍ ദൂരെയുള്ള കരബനോവോ ഗ്രാമത്തിലെ ഫാ. ഇയോന്‍ ബര്‍ദീന്‍ ആണ് പോലീസിന്റെ ചോദ്യം ചെയ്യലിനു വിധേയമായത്. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെ വിമര്‍ശിക്കുന്ന വൈദികരുടെ ഒരു കുറിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

മാര്‍ച്ച് ആറിന് കുര്‍ബാനയ്ക്കിടെ നടത്തിയ സുവിശേഷ പ്രസംഗമാണ് കേസിന് ആധാരം. റഷ്യയിലെ നിരവധി മെത്രാന്മാരും വൈദികരും യുദ്ധത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.