കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; സീനിയര്‍ നേതാവ് സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; സീനിയര്‍ നേതാവ് സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു

ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുസ്ലീം സമുദായത്തില്‍ വലിയ പിന്തുണയുള്ള സീനിയര്‍ നേതാവ് സി.എം. ഇബ്രാഹിം പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ എംഎല്‍സി കൂടിയായ ഇബ്രാഹിമിന്റെ പടിയിറക്കം.

കോണ്‍ഗ്രസിന് പരമ്പരാഗത മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇത് വഴിയൊരുക്കിയേക്കും. അദേഹം എച്ച്ഡി ദേവഗൗഡെയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസില്‍ ചേരും. നിയമ നിര്‍മാണ കൗണ്‍സിലില്‍ ജൂണിയറായ ബി.കെ. ഹരിപ്രസാദിനെയാണ് പ്രതിപക്ഷ നേതാവായി പാര്‍ട്ടി നിയമിച്ചത്. ആത്മാഭിമാനം സംരക്ഷിക്കാനാണ് ഇപ്പോഴത്തെ രാജിയെന്നും ന്യൂനപക്ഷ വിഭാഗത്തെ കോണ്‍ഗ്രസ് വെറും വോട്ടുബാങ്കായി മാത്രമാണ് കാണുന്നതെന്നും സി.എം. ഇബ്രാഹിം പറഞ്ഞു.

ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചര്‍ച്ച ചെയ്ത് ജെഡിഎസില്‍ ചേരുന്ന കാര്യം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇബ്രാഹിം കോണ്‍ഗ്രസ് വിടുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ കോണ്‍ഗ്രസ് വിട്ടുവെന്നും അടഞ്ഞ അധ്യായമാണെന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2008 ലായിരുന്നു സി.എം ഇബ്രാഹിം ജനതാദള്‍ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. താന്‍ സിദ്ധരാമയ്യയ്ക്ക് വേണ്ടിയായിരുന്നു ജനതാദള്‍ വിട്ടത്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുന്നതിലും വലിയ പങ്കു വഹിച്ചു. പക്ഷെ തനിക്ക് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്നും ഇബ്രാഹിം പ്രതികരിച്ചു. ഇതിനിടെ പാര്‍ട്ടിയിലേക്ക് തിരിച്ച് വന്നാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞിരുന്നു. ദേവഗൗഡയുമായി വലിയ ആത്മബന്ധമുള്ള നേതാവാണ് സി.എം ഇബ്രാഹിം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.