'ക്രിക്കറ്റ് കളിയല്ല രാഷ്ട്രീയം'; ഇമ്രാന്‍ ഖാന്റെ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി

  'ക്രിക്കറ്റ് കളിയല്ല രാഷ്ട്രീയം'; ഇമ്രാന്‍ ഖാന്റെ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി

ലണ്ടന്‍: രാഷ്ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെയല്ലെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് മുന്‍ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. 2018ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്നതിന് മുമ്പ് അതിരു വിട്ട പ്രതിബദ്ധതയോടെ ഇമ്രാന്‍ ഖാന്‍ അമിത വാഗ്ദാനങ്ങളാണ് രാജ്യത്തിനു നല്‍കിയതെന്ന് അഫ്രീദി പറഞ്ഞു.

തന്റെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായ ഷാഹിദ് അഫ്രീദി ഫൗണ്ടേഷനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനായി അഫ്രീദി ഇപ്പോള്‍ ലണ്ടനിലാണ്. ഇമ്രാന്‍ ഖാനെപ്പോലെ ബൗളിംഗില്‍ തിളങ്ങിയ താരമായ അദ്ദേഹം പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ കശ്മീര്‍ പ്രീമിയര്‍ ലീഗിന്റെ (കെപിഎല്‍) പരിപാടിയില്‍ പങ്കെടുക്കവേയാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇമ്രാന്‍ ഖാന്‍ 'ശരിയായ ഗൃഹപാഠം ചെയ്ത് കാര്യക്ഷമതയും ആത്മാര്‍ത്ഥതയുമുള്ള ഒരു ടീമുമായി വേണമായിരുന്നു സര്‍ക്കാരുണ്ടാക്കാന്‍. അദ്ദേഹത്തിന് അത് ചെയ്യാന്‍ ഇനിയും സമയമുണ്ട്,' അഫ്രീദി പറഞ്ഞു.

ക്രിക്കറ്റ് കളിയില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ പരുഷവും വ്യത്യസ്തവുമാണ്. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ കഴിയണം.എങ്കിലേ വിജയിക്കൂ.ഇമ്രാന്‍ ഖാന്‍ കാര്യങ്ങള്‍ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കില്‍ പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യം മാറിയേനെയെന്നും അഫ്രീദി പറഞ്ഞു. പാകിസ്താനില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, അണക്കെട്ട് നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അവയൊക്കെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇമ്രാന്‍ ഖാന്‍ ഒന്നും ചെയ്തില്ലെന്നല്ല പറയുന്നതെന്നും കാര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായതെന്നും അഫ്രീദി കുറ്റപ്പെടുത്തി. അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഇമ്രാന്‍ ഖാന്‍ നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ അതേപടി വിശ്വസിച്ചു. എന്നാല്‍ ഒന്നും നടപ്പിലാക്കാതെ വന്നപ്പോള്‍ സര്‍ക്കാരിനെ അവര്‍ അവിശ്വസിച്ചു. ഇമ്രാന്‍ ഖാന്റെ വാഗ്ദാനങ്ങള്‍ പാകിസ്താനില്‍ നടപ്പിലാകാന്‍ 10-15 വര്‍ഷമെടുക്കുമെന്നും ഷാഹിദ് വ്യക്തമാക്കി.

പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഒരു കായികതാരം എന്ന നിലയില്‍ ക്രിക്കറ്റ് ദിനങ്ങളില്‍ വളരെയധികം സമ്മര്‍ദ്ദം അഭിമുഖീകരിച്ചയാളാണദ്ദേഹം. ഇന്നും സമ്മര്‍ദം നേരിടാനാകണം' എന്നായിരുന്നു മറുപടി.രാഷ്ട്രീയം 'എന്നെ' കുറിച്ചുള്ളതല്ല. രാഷ്ട്രീയത്തില്‍ 'ഞാന്‍' ഇല്ല. രാജ്യം എല്ലാവരുടേതുമാണ്. പ്രതിപക്ഷത്തും സര്‍ക്കാരിലും നല്ലവരും ചീത്തവരും ഉണ്ട്. എല്ലാവരും മോശക്കാരല്ല, എല്ലാവരേയും കൂടെ കൊണ്ടുപോകണം. പാകിസ്ഥാന്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എല്ലാവരെയും തന്നോടൊപ്പം കൊണ്ടുപോയിരുന്നെങ്കില്‍ ഇന്ന് പാകിസ്ഥാനില്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.