'കണ്‍സഷന്‍ നാണക്കേട്'; മന്ത്രി ആന്റണി രാജു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എ.ഐ.എസ്.എഫ്

'കണ്‍സഷന്‍ നാണക്കേട്'; മന്ത്രി ആന്റണി രാജു പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എ.ഐ.എസ്.എഫ്

തിരുവനന്തപുരം: കണ്‍സഷന്‍ നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും കേരളത്തിന് നാണക്കേടായ മന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കണ്‍സഷന്‍ നാണക്കേടല്ല അവകാശമാണെന്നും ഇങ്ങനെയൊരു ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാ അവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്. വിദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട് പോകണമെന്നും പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി. കബീറും സെക്രട്ടറി ജെ. അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.

അതേസമയം വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായം അപക്വമാണെന്ന് വ്യക്തമാക്കി എസ്.എഫ്.ഐയും രംഗത്തെത്തി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍. അത് വര്‍ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.

ഇത്തരം അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ:കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

സംസ്ഥാനത്ത് യാത്രാ സൗജന്യം വാങ്ങി യാത്ര ചെയ്യുന്നതില്‍ ഏതു വിദ്യാര്‍ത്ഥിക്കാണ് അപമാനമെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കണമെന്ന് കെ.എസ്.യുവും ആവശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ജീവിത സാഹചര്യങ്ങളില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്രാക്കൂലി വര്‍ധന താങ്ങാന്‍ കഴിയില്ല. ഒരു തരത്തിലുള്ള വര്‍ധനയും അനുവദിക്കില്ലെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.