കീവ്: ഉക്രെയ്നില്‍ അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കീവിന് സമീപമുള്ള ഇര്‍പിനില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, മറ്റു രണ്ട് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
യു എസ് ആസ്ഥാനമായുള്ള ചലച്ചിത്ര നിര്‍മ്മാതാവും പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ട ബ്രെന്റ് റെനൗഡ് എന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഉത്തരവാദി റഷ്യയാണെന്ന് ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു.എന്നിരുന്നാലും അദ്ദേഹത്തിന്റെ മരണത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമല്ല.
ഇര്‍പിനിലാണ് മാധ്യമപ്രവര്‍ത്തകന്‍ ബ്രെന്റ് റെനൗഡ് കൊല്ലപ്പെട്ടതെന്ന് കൈവ് ഒബ്ലാസ്റ്റ് പോലീസ് മേധാവി ആന്‍ഡ്രി നെബിറ്റോവിനെ ഉദ്ധരിച്ച് കൈവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആന്‍ഡ്രി നെബിറ്റോവ് അറിയിച്ചു.
റെനൗഡിന്റെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഐഡന്റിറ്റി കാര്‍ഡും ഉണ്ടായിരുന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസ്താവനയുമായി എത്തി, ബ്രെന്റ് റെനോഡ് പ്രസിദ്ധീകരണത്തിന് 2015 നു മുമ്പ് റിപ്പോര്‍ട്ടുകളും മറ്റും നല്‍കിയിരുന്നെങ്കിലും ഉക്രെയ്‌നിലേക്ക് അദ്ദേഹത്തെ സ്ഥാപനം നിയോഗിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അസൈന്‍മെന്റിനായി നല്‍കിയ ടൈംസ് പ്രസ് ബാഡ്ജ് ധരിച്ചിരുന്നതിനാലാണ് അദ്ദേഹം ടൈംസില്‍ ജോലി ചെയ്തതെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.
'ഉക്രെയ്നില്‍ റഷ്യന്‍ സേന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യാവസ്ഥ ലോകത്തോട് പറയാന്‍ ശ്രമിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രവര്‍ത്തകരെ പോലും ആക്രമണകാരികള്‍ വെറുതെ വിടുന്നില്ല. ഇങ്ങനെയുള്ളപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ' കീവിലെ പോലീസ് മേധാവി ആന്‍ഡ്രി നെബിറ്റോവ് ഫേസ്ബുക്കില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.