കോവിഡ് സഹായ ധനം: ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി

കോവിഡ് സഹായ ധനം: ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: കോവിഡ് സഹായ ധനം നല്‍കാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടും. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഇതൊരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഡ് കാരണം മരിച്ചവരുടെ ആകെ എണ്ണം സര്‍ക്കാര്‍ കണത്തില്‍ 4,87,202 ആണ്. എന്നാല്‍ ഇതിന്റെ പത്തിരട്ടി വരെയാകാം മരണം എന്ന പഠനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സുപ്രീം കോടതിയില്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കിലും ഈ വ്യത്യാസം പ്രകടമാണ്.

മഹാരാഷ്ട്രയില്‍ 1,41,737 ആണ് സര്‍ക്കാര്‍ കണക്കിലെ സംഖ്യ. എന്നാല്‍ ഇതുവരെ ധന സഹായത്തിന് കിട്ടിയ അപേക്ഷകള്‍ 2,13,890 ആണ്. ഗുജറാത്തില്‍ മരണസംഖ്യ 10,094 ആണ്. കിട്ടിയ അപേക്ഷകള്‍ 86,633 ആണ്. എട്ടിരട്ടിയാണ് അപേക്ഷിച്ചവരുടെ എണ്ണം. തെലങ്കാനയില്‍ നാലായിരത്തില്‍ താഴെയാണ് മരണം. എന്നാല്‍ അപേക്ഷ കിട്ടിയവരുടെ എണ്ണം 28,969 ആണ്.

ആന്ധ്രപ്രദേശ് മൂന്നിലൊന്ന് പേര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ബീഹാറില്‍ മരണസംഖ്യ 12,090 ആണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് വിശ്വസിക്കാനാകില്ലെന്ന് കോടതി സൂചിപ്പിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിലെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ആത്മഹത്യ ചെയ്തവരെ ഒഴിവാക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതാണ് സംഖ്യ കൂടാനുള്ള കാരണം എന്ന് സംസ്ഥാനങ്ങള്‍ പറയുന്നു. അപ്പോഴും ഇത്രയും വ്യത്യാസം എങ്ങനെ എന്നാണ് കോടതിയുടെ ചോദ്യം. കേരളം ഉള്‍പ്പടെ ചില സംസ്ഥാനങ്ങള്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം മരണ സംഖ്യ പുതുക്കിയിരുന്നു.

ഇന്ത്യയിലെ മരണസംഖ്യ വിദേശ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നു എന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ എങ്കിലും ഇത് മൂടിവയ്ക്കാന്‍ നീക്കമുണ്ടായി എന്നു തന്നെയാണ് പുറത്തു വന്ന രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.