പനാജി: ഗോവയില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനയതിന്റെ ആവേശത്തിലാണ് ബിജെപി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇഞ്ചോടിഞ്ച് പ്രവചിച്ച സംസ്ഥാനത്ത് തുടക്കത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ മത്സരം കടുത്തെങ്കില്‍ ഓരോ ഘട്ടങ്ങള്‍ കഴിഞ്ഞപ്പോഴും ബി ജെ പി വ്യക്തമായ ആധിപത്യത്തോടെ മുന്നേറി. 21 സീറ്റുകള്‍ നേടി അധികാരം ഉറപ്പിക്കുകയും ചെയ്തു.
അതേസമയം വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പാതിവഴിയിലായിരിക്കുകയാണ്. അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച തര്‍ക്കമാണ് ബി ജെ പിക്ക് പ്രതിസന്ധി തീര്‍ക്കുന്നത്. നേരത്തേ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചതോടെയായിരുന്നു പ്രമോദ് സാവന്ത് ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ പ്രമോദ് സാവന്ത് തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വളരെ നേരിയ ഭൂരിപക്ഷത്തില്‍ മാത്രമായി സാവന്തിന്റെ വിജയം ഒതുങ്ങിയതോടെ അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പരിഹാരം കണ്ടെത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്.
പ്രശ്ന പരിഹാരത്തിനായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനേയും സംഘടന ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനേയും കേന്ദ്ര നേതൃത്വം ഗോവയിലേക്ക് അയച്ചു. സംസ്ഥാന നേതൃത്വത്തിനകത്ത് സമവായം ഉണ്ടാക്കിയ ശേഷം എം എല്‍ എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തിരുമാനം. അതേസമയം സമാന പ്രതിസന്ധിയാണ് മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി ജെ പി നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.