കീവിനു സമീപം ഫോക്സ് ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ടര്‍ക്ക് ഗുരുതര പരിക്ക്

കീവിനു സമീപം ഫോക്സ് ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു; റിപ്പോര്‍ട്ടര്‍ക്ക് ഗുരുതര പരിക്ക്

കീവ്: അമേരിക്കന്‍ മാദ്ധ്യമമായ ഫോക്സ് ന്യൂസിനു വേണ്ടി യുദ്ധമേഖലകളില്‍ പ്രവര്‍ത്തിച്ചു പോന്ന ക്യാമറാമാന്‍ പിയറി സക്രെവ്സ്‌കി ഉക്രെയ്നില്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ബെഞ്ചമിന്‍ ഹാളിന് ഗുരുതരമായി പരിക്കേറ്റു. ഉക്രെയ്ന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ഹൊറെങ്കയില്‍ ആയിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമണത്തിനിരയായത്.

ക്യാമറാമാന്‍ കൊല്ലപ്പെട്ട വിവരം ഫോക്സ് ന്യൂസ് സിഇഒ സൂസെയ്ന്‍ സ്‌കോട്ട് സ്ഥിരീകരിച്ചു. 'ഞങ്ങള്‍ക്കൊപ്പം ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ക്യാമറാമാനാണ് പിയറി. ഇറാഖ് മുതല്‍ സിറിയ, വരെ ഫോക്സ് ന്യൂസിന് വേണ്ടിയുള്ള എല്ലാ അന്താരാഷ്ട്ര വാര്‍ത്തകളും കവര്‍ ചെയ്ത ഒരു യുദ്ധമേഖല ഫോട്ടോഗ്രാഫറായിരുന്നു പിയറി'- സ്‌കോട്ട് പറഞ്ഞു.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയിരുന്ന പിയറി ഫെബ്രുവരി മുതല്‍ ഉക്രെയ്നില്‍ തന്നെയായിരുന്നു.മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിനിവേശവും കഴിവും സമാനതകളില്ലാത്തതായിരുന്നു എന്നും സ്‌കോട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഞായറാഴ്ച കീവിന് സമീപമുള്ള ഇര്‍പിനില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊല്ലപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ നേരത്തെ ന്യൂയോര്‍ക്ക് ടൈംസിനു വേണ്ടി ജോലി ചെയ്യവേ ഉപയോഗിച്ചുപോന്ന പ്രസ് ഐഡിയും പാസ്‌പോര്‍ട്ടും ലഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.