ആത്മീയ ചിന്തകനും എഴുത്തുകാരനുമായ മഹാ പ്രതിഭയാണ് സാധു ഇട്ടിയവിര. 2022 മാര്‍ച്ച് 18ന് ശ്രദ്ധേയ നാമ ധാരിയായ വന്ദ്യവയോധികന് 100 വയസ് തികയുന്നു. ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.
കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത് ഇടുപ്പക്കുന്നിലെ ജൈവ സമ്പന്നതയുടെ നടുവിലെ പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികന്‍ ഉല്ലാസവാനായി ജീവിക്കുന്നത്.
പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി. പട്ടാളത്തില്‍ ക്ലാര്‍ക്കായി 1942- ല്‍ തുടങ്ങിയ സേവനം അഞ്ചു കൊല്ലം തുടര്‍ന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്ത് മലയയില്‍ എത്തിയെങ്കിലും യുദ്ധം അവസാനിച്ചതിനാല്‍ പങ്കെടുക്കേണ്ടി വന്നില്ല. തുടര്‍ന്ന് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ പ്രീയൂണിവേഴ്സിറ്റി പഠനം. ഈശോ സഭയില്‍ ചേരുന്നത് 1950ലാണ്. മൂന്ന് കോളജുകളില്‍ നിരവധി വിദേശികളായ സഹപാഠികള്‍ക്കൊപ്പം പഠിച്ചു. വൈദികനാകാതെ തിരിച്ചു പോരാനായിരുന്നു ഉള്‍വിളി.
പിന്നീട് ദൈവം നമ്മെ സ്നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ച് ഏകാന്തപഥികനായി ദിക്കായ ദിക്കെല്ലാം യാത്ര ചെയ്തു. കണക്കുക്കൂട്ടിയാല്‍ ഇന്ത്യയിലും ലോകമെങ്ങും ആയി ഭൂമിയ്ക്ക് ചുറ്റും രണ്ടുവട്ടമെത്താല്‍ മാത്രം സഞ്ചരിച്ചിട്ടുണ്ടാവണം. മനുഷ്യ സ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്സര്‍ അന്താരാഷ്ട്ര അവാര്‍ഡ് ലഭിക്കുന്നത് 1981 ലാണ്. അതിനും അഞ്ചുവര്‍ഷം മുന്‍പ് അവാര്‍ഡ് ലഭിച്ചത് മദര്‍ തെരേസയ്ക്കായിരുന്നു.
തന്റെ 120ഓളം പുസ്തകങ്ങള്‍ ലോകത്തിലെ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കാന്‍ ഭാഗ്യം ലഭിക്കുകയും പതിനായിരക്കണക്കിന് ലേഖനങ്ങള്‍ പല യുറോപ്യന്‍ ജേണലുകളില്‍ അടക്കം എഴുതുകയും വിദേശ സര്‍വ്വകലാശാലകളില്‍ അടക്കം പ്രഭാഷകന്റെ റോളിലും വിളങ്ങിയിട്ടുണ്ട് ഈ സ്വാതികന്‍.
യേശുക്രിസ്തുവിന്റെ സുവിശേഷത്തിന് യാതൊരു മറിമായവും കൂടാതെ ആത്മാവിന്റെ നിര്‍മ്മലതയില്‍ പ്രതിഫലിപ്പിക്കുന്ന കാര്യത്തില്‍ ഒന്നാമനായി നില്‍ക്കുന്ന ഭാരതീയന്‍. ക്രിസ്തീയ തീക്ഷണതയോടെ മായം ചേര്‍ക്കാതെ സുവിശേഷം പ്രസംഗിക്കുകയും പ്രസംഗിച്ചതു ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കി കാണിച്ചുതരികയും തര്‍ക്കവിതര്‍ക്കങ്ങളില്‍ നിന്നും സഭാ വ്യത്യാസങ്ങളില്‍ നിന്നും മനപൂര്‍വ്വം മാറി നിന്ന് ഇതര മതങ്ങളെ വിമര്‍ശിക്കാതെ, സഹനങ്ങളില്‍ നിന്ന് ഒളിച്ചോട്ടത്തിന് മുതിരാതെ, പീഡകളെ സന്തോഷത്തോടെ സ്വീകരിച്ച് പ്രാര്‍ത്ഥിച്ച സാധു ഇട്ടിയവിര ഭാരത ക്രൈസ്തവ സഭാ ചരിത്രത്തില്‍ മറയ്ക്കപ്പെടാനാവാത്തൊരു മഹാമേരുവായി നിലകൊള്ളുന്നു.
മനുഷ്യര്‍ക്കിടയില്‍ വേണ്ട നന്മയില്‍ അധിഷ്ഠിതമായ പരസ്പര ബന്ധത്തെക്കുറിച്ച് സ്‌നേഹഭാഷണം നടത്തുന്ന ഈ ആത്മീയോപാസകന്‍ വാര്‍ധക്യ സഹജമായ മറവിയുടെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ട് പുതിയ തലമുറയ്ക്ക് വേണ്ടി പൊഴിക്കുന്ന ആ നിഷ്‌ക്കളങ്കമായ...ദൈവികമായ ചിരി ഒരിക്കലും മറക്കാനാകുന്നില്ല...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26