അയര്‍ലന്‍ഡിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്

അയര്‍ലന്‍ഡിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 17

യര്‍ലന്‍ഡിന്റെ അപ്പസ്തോലനും ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പുമായിരുന്നു വിശുദ്ധ പാട്രിക്. സ്‌കോട്ട്ലന്‍ഡിലെ ഒരു കെല്‍ട്ടോ-റോമന്‍ കുടുബത്തില്‍ എ.ഡി 389 ലായിരുന്നു ജനനം. അത്ഭുത പ്രവര്‍ത്തകനായിരുന്ന ടൂഴ്സിലെ വിശുദ്ധ മാര്‍ട്ടിന്റെ സഹോദര പുത്രിയായിരുന്നു മാതാവ്. തീക്ഷ്ണമായ വിശ്വാസം ജ്വലിച്ചു നിന്ന ആ കുടുംബത്തില്‍ പാട്രിക് ദൈവഭയത്തിലും ഭക്തിയിലും വളര്‍ന്നു വന്നു.

പതിനാറാമത്തെ വയസില്‍ കാട്ടുജാതിക്കാര്‍ അവനെ പിടിച്ചുകൊണ്ടുപോയി അയര്‍ലന്‍ഡില്‍ അടിമയായി വിറ്റു. ആറു മാസക്കാലം ആടുമാടുകളെ നോക്കി അര്‍ധപ്പട്ടിണിയില്‍ അവന്‍ കഴിഞ്ഞു കൂടി. ഈ അവസരം കൂടുതല്‍ ദൈവൈക്യത്തില്‍ വളരാന്‍ പാട്രികിനെ സഹായിച്ചു. ദൈവ സ്നേഹത്തിലും പ്രാര്‍ത്ഥനയിലും വളര്‍ന്ന് അവന്‍ തന്റെ ജീവിതത്തിന്റെ മഹാ ദൗത്യത്തിനു വേണ്ടി ഒരുങ്ങി.

അടിമത്തം കഴിഞ്ഞപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള ഒരു കപ്പലില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ കപ്പല്‍ അധികൃതര്‍ പാട്രിക്കിനെ അനുവദിച്ചു. കപ്പലിറങ്ങിയശേഷം 29 ദിവസം കാല്‍നടയായി യാത്ര ചെയ്താണ് പാട്രിക് സ്വഭവനത്തില്‍ എത്തിയത്.

പിന്നീട് ആറു വര്‍ഷത്തിനു ശേഷം പാട്രിക് ഫ്രാന്‍സിലും ഇറ്റലിയിലുമൊക്കെ യാത്ര ചെയ്തു. ഫ്രാന്‍സിലെ ലെറിന്‍സില്‍ കുറെനാള്‍ പഠിച്ചു. വൈദികനായിത്തീര്‍ന്ന അദ്ദേഹം 43 ാമത്തെ വയസില്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ഒരിക്കല്‍ ഐറീഷ് ബാലികാബാലന്മാര്‍ തന്റെ നേര്‍ക്കു കൈനീട്ടുന്നതായ ഒരു സ്വപ്നം അദ്ദേഹത്തിനുണ്ടായി. അയര്‍ലന്‍ഡാണ് തന്റെ പ്രേഷിത പ്രവര്‍ത്തനത്തിനുള്ള പ്രദേശമെന്ന് മനസിലാക്കിയ വിശുദ്ധന്‍ അങ്ങോട്ടു തിരിച്ചു.

എരിയുന്ന തീക്ഷ്ണതയോടെ ബിഷപ്പ് പാട്രിക് അയര്‍ലന്‍ഡിിന്റെ എല്ലാ മുക്കിലും മൂലയിലുമെത്തി അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തി. പല കാലഘട്ടങ്ങളിലായി അദ്ദേഹം അയര്‍ലന്‍ഡില്‍ 350 മെത്രാന്മാരെ വാഴിച്ചു. 5,000 പേര്‍ക്ക് വൈദിക പട്ടം നല്‍കി. നിരവധി പള്ളികള്‍ പണിയിച്ചു.

വിശുദ്ധന്റെ പ്രവര്‍ത്തനം തുടങ്ങി 30 വര്‍ഷം തികയും മുമ്പ് അയര്‍ലന്‍ഡിന്റെ ഭൂരിഭാഗവും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. പ്രൊട്ടസ്റ്റന്റ് വിപ്ലവ കാലത്തു പോലും അയര്‍ലന്‍ഡിലെ കത്തോലിക്കാ വിശ്വാസത്തിന് ഇളക്കമുണ്ടായില്ല. ഇന്നും ആളുകള്‍ ''ഐറീഷ് വിശ്വാസം'' പ്രത്യേകം എടുത്തു പറയാറുണ്ട്.

ദൈവം തന്റെ വലിയ മിഷനറിമാര്‍ക്ക് അത്ഭുത പ്രവര്‍ത്തന വരം നല്‍കുന്നത് അനേകായിരങ്ങളുടെ മാനസാന്തരത്തിനും ദൈവ മഹത്ത്വത്തിനും വേണ്ടിയാണ്. വിശുദ്ധ പാട്രിക് ആയിരത്തോളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവയില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളുമുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. 433 ല്‍ ഉയിര്‍പ്പു തിരുനാള്‍ ദിവസം പരിശുദ്ധ ത്രിത്വത്തെപ്പറ്റിയുള്ള വിശുദ്ധന്റെ പ്രസംഗം കേള്‍ക്കാനിടയായ രാജാവിന്റെ സഹോദരന്‍ കൊണാള്‍ ഉടന്‍ തന്നെ മാനസാന്തരപ്പെടുകയും അതോടെ അയര്‍ലന്‍ഡിന്റെ സുവിശേഷ വല്‍ക്കരണം ത്വരിതഗതിയിലാവുകയും ചെയ്തു.

ഐറീഷ് സഭ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ കൊറോട്ടിക് രാജാവ് പല ക്രിസ്ത്യാനികളെയും വധിക്കുകയും അനേകരെ അടിമകളായി വില്‍ക്കുകയും ചെയ്തു. ഇതിനിടെ ഡ്രൂയിഡസ് എന്ന വിഭാഗത്തില്‍പ്പെട്ടവര്‍ വിശുദ്ധ പാട്രിക്കിനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. പന്ത്രണ്ടിലേറെ പ്രാവശ്യം അവര്‍ അദ്ദേഹത്തെയും അനുയായികളെയും ജയിലിലടയ്ക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പിന്നീട് ഐറീഷ് സഭയില്‍ അച്ചടക്കം നിലനിര്‍ത്തുന്നതിനായി അദ്ദേഹം പല കൗണ്‍സിലുകളും നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി ഐറീഷ് സഭ തിരുസഭയിലെ മനോഹരമായ ഒരു പൂവാടിയും വിശുദ്ധരുടെ ഒരു നഴ്സറിയുമായിത്തീര്‍ന്നു. ഐറീഷ് മിഷനറിമാര്‍ ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സുവിശേഷ ദീപം കൊളുത്തി.

ആധുനിക കാലത്ത് അമേരിക്കയിലെയും ഓസ്ട്രേലിയായിലെയും ക്രൈസ്തവ സമൂഹങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ വിശുദ്ധ പാട്രിക്കിന്റെ അനുയായികളുടെ വിശ്വാസവും തീക്ഷ്ണതയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിശുദ്ധന്റെ തിരുനാള്‍ ദിനം അയര്‍ലന്‍ഡിന്റെ ദേശീയോത്സവമാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. തിവെല്ലസിലെ ജെര്‍ത്രൂദ്

2. ഫ്രാന്‍സിലെ അഗ്രിക്കൊളാ

3. അലക്‌സാണ്ടറും തെയോഡോറും

4. അലക്‌സാണ്ട്രിയന്‍ പ്രഭുവായ അമ്പ്രോസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.