മെഡിക്കല്‍ പരിശീലനത്തിന് നാട്ടില്‍ അവസരം ഒരുക്കണം; ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍

മെഡിക്കല്‍ പരിശീലനത്തിന് നാട്ടില്‍ അവസരം ഒരുക്കണം; ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ചൈനയില്‍ പഠിക്കുന്ന മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. അനുമതിയില്ലാത്തതിനാല്‍ ഇതുവരെ മടങ്ങിപ്പോകാനാവാത്ത ഇവര്‍ക്ക് അനിവാര്യമായ ക്ലിനിക്കല്‍ പരിശീലനം രണ്ട് കൊല്ലമായി മുടങ്ങിയിരിക്കുകയാണ്.

ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയ എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പരിശീലനത്തിന് അവസരം ചോദിച്ചിട്ടും നിഷേധിക്കുന്നതായാണ് പരാതി. തുടര്‍പഠനം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബജറ്റില്‍ ധനസഹായം ഉറപ്പാക്കിയ സര്‍ക്കാര്‍ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഉക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് സര്‍ക്കാര്‍ വേഗത്തില്‍ തുടര്‍പഠന സഹായം പ്രഖ്യാപിച്ചപ്പോള്‍ ഇവരാകട്ടെ ക്ലിനിക്കല്‍ പരിശീലനത്തിന് കേരളത്തില്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് വാതിലുകള്‍ മുട്ടുകയാണ്.

ഓണ്‍ലൈനില്‍ ക്ലാസുകളുണ്ടെങ്കിലും ക്ലിനിക്കല്‍ അഥവാ ചികിത്സാ പരിശീലനം നിര്‍ബന്ധമാണ്. അതാണ് രണ്ട് വര്‍ഷമായി മുടങ്ങിയിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് മുതല്‍ മെഡിക്കല്‍ കൗണ്‍സിലിന് വരെ അപേക്ഷ നല്‍കി. അനുകൂല നിലപാടുകളുമുണ്ടായി. പക്ഷെ തീരുമാനമാണ് ഇല്ലാത്തത്.

കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ജനുവരിയില്‍ ചൈനയില്‍ നിന്ന് മടങ്ങിയെത്തിയത് മൂവായിരത്തോളം വിദ്യാര്‍ത്ഥികളാണ്. മുടക്കമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നു. എന്നാല്‍ ചൈനയിലേക്ക് മടങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ പ്രാക്ടിക്കല്‍ പരിശീലനം മുടങ്ങി. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് നാട്ടില്‍ തന്നെ പരിശീലനം നടത്താന്‍ ചൈനയിലെ മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കി. ഈ അഭ്യര്‍ത്ഥനയുമായി ആരോഗ്യവകുപ്പിനെ പലതവണ സമീപിച്ചിട്ടും അവഗണന മാത്രം. ഇതോടെയാണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.

ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം തുടരുന്നതിനാല്‍ ചില ബാങ്കുകള്‍ ഗഡുക്കളായി നല്‍കി വന്ന വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. ഫീസും മുടങ്ങുന്ന അവസ്ഥയാണ്. മെഡിക്കല്‍ പരിശീലനത്തിന് നാട്ടില്‍ തന്നെ അവസരമൊരുക്കി തുടര്‍പഠനം ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലെത്തിയ ഈ വിദ്യാര്‍ത്ഥി സമൂഹം.

23,000ത്തിലധികം പേരാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചൈനയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്ളതെന്നാണ് അനുമാനം. നല്ലൊരു പങ്ക് കേരളത്തില്‍ നിന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.