റഷ്യയെയും ഉക്രെയ്‌നെയും വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ എല്ലാ ബിഷപ്പുമാരും വൈദികരും പങ്കു ചേരണം: മാര്‍പ്പാപ്പ

റഷ്യയെയും ഉക്രെയ്‌നെയും വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ എല്ലാ ബിഷപ്പുമാരും  വൈദികരും പങ്കു ചേരണം: മാര്‍പ്പാപ്പ


വത്തിക്കാന്‍ സിറ്റി/കീവ്: റഷ്യയെയും ഉക്രെയ്‌നെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന ശുശ്രൂഷാ ചടങ്ങില്‍ ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പുമാരും വൈദികരും പങ്കു ചേരണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ആയിരിക്കും മാര്‍പ്പാപ്പയുടെ പ്രധാന കാര്‍മ്മികത്വത്തിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ. ഇതിനിടെ, ആഗോള സഭ ഉറ്റുനോക്കുന്ന സുപ്രധാന ചടങ്ങിനു മുന്നോടിയായി ഫാത്തിമ മാതാവിന്റെ പ്രത്യേക പ്രതിമ ഉക്രെയ്‌നില്‍ എത്തി.

സാധ്യമെങ്കില്‍, എല്ലാ കത്തോലിക്കാ ബിഷപ്പുമാരും വൈദികരും റോം സമയം വൈകുന്നേരം 5:00 ന് ശുശ്രൂഷാ ചടങ്ങില്‍ ചേരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിക്കുന്നതായി യുഎസ് ബിഷപ്പുമാര്‍ക്ക് അയച്ച കത്തില്‍ അമേരിക്കയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയറി വെളിപ്പെടുത്തി.വിവിധ ഭാഷകളിലുള്ള സമര്‍പ്പണ പ്രാര്‍ത്ഥനാ വചനം ഉള്‍പ്പെടുത്തി മാര്‍പ്പാപ്പയുടെ സന്ദേശം പിന്നീട് അയക്കുമെന്നും ന്യൂണ്‍ഷ്യോ അറിയിച്ചു.

വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ സമര്‍പ്പണ ശുശ്രൂഷ നടക്കുന്ന അതേസമയം, പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌കി നേതൃത്വം നല്‍കും. മാര്‍ച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കായിരിക്കും അമേരിക്കയിലെ പ്രതിഷ്ഠ.

'പോര്‍ച്ചുഗലിലെ ഫാത്തിമ ദേവാലയത്തിലില്‍ നിന്ന് ദൈവമാതാവിന്റെ പ്രതിമയുടെ ഔദ്യോഗിക പകര്‍പ്പ് ഞങ്ങള്‍ക്ക് നല്‍കി, മാതാവിന്റെ സാന്നിധ്യത്തില്‍ ഉക്രെയ്‌നിന്റെയും ലോകത്തിന്റെയുംസംരക്ഷണത്തിനും സമാധാനത്തിനും വേണ്ടി ദൈവത്തോട് അപേക്ഷിക്കാന്‍,'-ലിവിവിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റി പള്ളി ഫേസ്ബുക്ക് വഴി അറിയിച്ചു. പള്ളിയില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞ പ്രതിമ ഏപ്രില്‍ 15 വരെ വണങ്ങാന്‍ സൗകര്യമുണ്ടാകുമെന്ന പോസ്റ്റില്‍ പറയുന്നു. പോര്‍ച്ചുഗലില്‍ നിന്ന് പുറപ്പെട്ട ശേഷം, ലിവിവിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് പ്രതിമ പോളണ്ടിലെ ക്രാക്കോവില്‍ എത്തിച്ചിരുന്നു.

ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പ് ഇഹോര്‍ വോസ്‌നിയാക്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പ്രതിമ തയ്യാറാക്കിയത്. ലോകമെമ്പാടും സഞ്ചരിക്കുന്ന ഫാത്തിമ മാതാവിന്റെ പ്രതിമയുടെ 13 ഔദ്യോഗിക പകര്‍പ്പുകളില്‍ ഒന്നാണിത്. 1917-ല്‍ ഫാത്തിമയിലെ മരിയന്‍ ദര്‍ശനം അനുഭവിച്ച മൂന്ന് കുട്ടികളില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയുടെ സഹായത്തോടെ ശില്‍പിയായ ജോസ് ഫെരേര ടെഡിന്‍ 1920-ല്‍ കൊത്തിയെടുത്തതാണ് യഥാര്‍ത്ഥ പ്രതിമ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.