മുന്‍ എംഎല്‍എയും സിപിഐ നേതാക്കളും വഞ്ചിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രാദേശിക നേതാവ്

മുന്‍ എംഎല്‍എയും സിപിഐ നേതാക്കളും വഞ്ചിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രാദേശിക നേതാവ്

ഇടുക്കി: മുന്‍ എംഎല്‍എയും സിപിഐ നേതാക്കളും വഞ്ചിച്ചെന്ന് ആരോപിച്ച് സിപിഐ പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലാര്‍ സ്വദേശി എന്‍ രാജേന്ദ്രന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതോടെ ഇന്നലെ ആശുപത്രി വിട്ടു.

ഇടുക്കി പള്ളിവാസലില്‍ കാട് വെട്ടിത്തെളിച്ചതിന്റെ കരാര്‍ തുക തരാതെ അടിമാലി സ്വദേശി വഞ്ചിച്ചെന്നാരോപിച്ചാണ് രാജേന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരാറില്‍ ഇടനില നിന്ന ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനും സിപിഐ അടിമാലി മണ്ഡലം സെക്രട്ടറിയും മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. കാരാറില്‍ പങ്കില്ലെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് എംഎല്‍എ എസ് രാജേന്ദ്രന്റെ മറുപടി.

അടിമാലി സ്വദേശി അബ്ദുള്‍ സലാമിന്റെ പള്ളിവാസലിലെ ഭൂമിയില്‍ കാടുവെട്ടിത്തെളിക്കാന്‍ രാജേന്ദ്രന്‍ പത്ത് ലക്ഷം രൂപയ്ക്ക് കരാറെടുത്തിരുന്നു. എന്നാല്‍ ജോലി പൂര്‍ത്തിയായപ്പോള്‍ അബ്ദുള്‍ സലാം പണം കൊടുത്തില്ല. പകരം മൂന്നേക്കര്‍ ഭൂമി തരാമെന്നായി. എന്നാല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സ്ഥലം റവന്യൂ ഭൂമിയെന്ന് കണ്ടെത്തിയതോടെ പണം തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയെന്ന് രാജേന്ദ്രന്‍ പറയുന്നു. കരാറില്‍ ഇടനിലക്കാരായിരുന്ന ദേവികുളം മുന്‍ എംഎല്‍എ രാജേന്ദ്രനും, സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയയും കയ്യൊഴിഞ്ഞു. എന്‍ രാജേന്ദ്രന്റെ ഭാര്യയുടെ പരാതിയില്‍ വെള്ളത്തൂവല്‍ പൊലീസ് അബ്ദുള്‍സലാമിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.
അതേസമയം കരാറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും, രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ കുത്തിപ്പൊക്കിയതിന് പിന്നില്‍ സിപിഎമ്മിലെ ചില ആളുകളെന്നുമാണ് എസ് രാജേന്ദ്രന്റെ മറുപടി. തര്‍ക്കഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പും ആന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.