ഉക്രെയ്നില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

 ഉക്രെയ്നില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ബെംഗ്ളൂരു: ഉക്രെയ്‌നില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടില്‍ എത്തിക്കും. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നവീന്റെ ഭൗതീകദേഹം ബെംഗ്ളൂരു വിമാനത്താവളത്തില്‍ എത്തിക്കുക. തുടര്‍ന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടു പോകും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നത്. അത് തിരുത്തിയ അദ്ദേഹം തിങ്കളാഴ്ച ആകും എത്തിക്കുക എന്നറിയിക്കുകയായിരുന്നു.

കാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. യുദ്ധത്തിന്റെ ഭാഗമായി മാര്‍ച്ച് ഒന്നിന് നടന്ന ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

അന്ത്യ കര്‍മ്മങ്ങള്‍ക്കായി മകന്റെ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉക്രെയ്‌നുമായി ചര്‍ച്ച നടത്തി. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നത് കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയത്. കാര്‍ഖീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.