'ബ്രിട്ടന്റെ അത്ഭുത പ്രവര്‍ത്തകന്‍' എന്നറിയപ്പെടുന്ന വിശുദ്ധ കുത്‌ബെര്‍ട്ട്

'ബ്രിട്ടന്റെ അത്ഭുത പ്രവര്‍ത്തകന്‍' എന്നറിയപ്പെടുന്ന വിശുദ്ധ കുത്‌ബെര്‍ട്ട്

അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 20

സ്‌കോട്ട്‌ലന്‍ഡിലെ മെല്‍റോസ് എന്ന സ്ഥലത്ത് എ.ഡി 635 ല്‍ ജനിച്ച കുത്‌ബെര്‍ട്ട് സമീപത്തുള്ള ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യം മുതല്‍ വളര്‍ന്നു വന്നത്. വടക്കന്‍ ഇംഗ്ലണ്ടില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന വിശുദ്ധനാണ് കുത്‌ബെര്‍ട്ട്.

എന്നാല്‍ വിശുദ്ധന്റെ യഥാര്‍ത്ഥ ജനന സ്ഥലത്തെക്കുറിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. ഇംഗ്ലണ്ടുകാരും സ്‌കോട്ട്‌ലന്‍ഡുകാരും വിശുദ്ധന്റെ ജനനസ്ഥലമെന്ന ഖ്യാതി അവകാശപ്പെടുന്നു. കുത്‌ബെര്‍ട്ടിന്റെ ജീവചരിത്രം രചിച്ച വിശുദ്ധ ബെഡേ ഇതേക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടില്ല.

്‌വിശുദ്ധ ബെഡേയുടെ വിവരണമനുസരിച്ച് ദാവീദിനെപോലെ വിശുദ്ധ കുത്‌ബെര്‍ട്ടും ഒരാട്ടിടയനായിരുന്നു. സ്‌കോട്ട്ലന്‍ഡിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കെന്‍സ്വിത്ത് എന്ന് പേരായ ഒരു വിധവയാണ് കുത്‌ബെന്‍ട്ടിനെ പരിപാലിച്ചിരുന്നത്. കുത്‌ബെര്‍ട്ടിന് 15 വയസുള്ളപ്പോള്‍ അദ്ദേഹത്തിനൊരു ദര്‍ശനമുണ്ടായി.

അതില്‍ വിശുദ്ധ ഐഡാനേയെ മാലാഖമാര്‍ സ്വര്‍ഗത്തിലേക്ക് നയിക്കുന്നതായാണ് കണ്ടത്. പിന്നീട് യുവാവായിരിക്കെ തന്നെ അദ്ദേഹം റ്റ്വീഡ് നദീക്കരയിലുള്ള വിശുദ്ധ ഈറ്റായുടെ കീഴിലുള്ള മെല്‍റോസ് ആശ്രത്തിലെ സന്യാസിയായി തീര്‍ന്നു. അവിടത്തെ പ്രിയോര്‍ ആയിരുന്ന വിശുദ്ധ ബായിസില്‍ നിന്നാണ് കുത്‌ബെര്‍ട്ട് സന്യാസ ജീവിതരീതികള്‍ സ്വായത്തമാക്കിയത്.

പ്ലേഗ് ബാധിച്ച് വിശുദ്ധ ബായിസിലിന്റെ മരണത്തെ തുടര്‍ന്ന് 664 ല്‍ കുത്‌ബെര്‍ട്ട് മെല്‍റോസ് ആശ്രമത്തിലെ പ്രിയോര്‍ ആയി. പിന്നീട് ലിന്‍ഡിസ്ഫാര്‍ണേയിലെ ആശ്രമാധിപതിയായി നിയമിതനായി. സകല ചരാചരങ്ങളോടും വളരെ സ്‌നേഹപൂര്‍വ്വമാണ് അദ്ദേഹം പെരുമാറിയിരുന്നത്. പക്ഷികളും മൃഗങ്ങളും വിശുദ്ധന്റെ വിളിപ്പുറത്തെത്തുമായിരുന്നു. അധികം താമസിയാതെ അദ്ദേഹത്തിനും മാരകമായ പ്ലേഗ് പിടിപ്പെട്ടു. പിന്നീടൊരിക്കലും അദ്ദേഹത്തിന് തന്റെ പഴയ ആരോഗ്യം വേണ്ടെടുക്കുവാന്‍ സാധിച്ചില്ല.

നോര്‍ത്തംബര്‍ലാന്‍ഡിലെ രാജാവിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് വിശുദ്ധന്‍ ഇഷ്ടത്തോടെയല്ലെങ്കിലും 684 ല്‍ ഹെക്‌സ്ഹാമിലെ മെത്രാനായി അഭിഷിക്തനായി. എന്നാല്‍ 685 ല്‍ ഈറ്റായും ലിന്‍ഡിസ്ഫാര്‍ണെയും പരസ്പരം കൈമാറികൊണ്ട് 685 ലെ ഈസ്റ്റര്‍ ഞായറാഴ്ച കുത്‌ബെര്‍ട്ട് തനിക്കിഷ്ടപ്പെട്ട ലിന്‍ഡിസ്ഫാര്‍ണെ സഭയിലെ മെത്രാനായി. ഈ പദവിയില്‍ അദ്ദേഹം രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളാല്‍ അദ്ദേഹത്തെ 'ബ്രിട്ടന്റെ അത്ഭുത പ്രവര്‍ത്തകന്‍' എന്നാണു വിശേഷിപ്പിച്ചിരുന്നത്.

വൈകാതെ വീണ്ടും രോഗബാധിതനായ അദ്ദേഹം തന്റെ പദവി ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. മാത്രമല്ല ആരെയും തന്നെ ശുശ്രൂഷിക്കുവാന്‍ അനുവദിക്കാതെ വിശുദ്ധന്‍ തന്റെ സഹനങ്ങള്‍ സ്വയം സഹിച്ചു. 687 മാര്‍ച്ച് 20ന് ഇന്നര്‍ഫാര്‍ണെയില്‍ വെച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. ആട്ടിടയന്‍മാരുടേയും നാവികരുടേയും പ്ലേഗ് ബാധിതരുടേയും മധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധ കുത്ബര്‍ട്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫിലെമോണിലെ ആര്‍ച്ചിപ്പുസ്

2. ഫോന്തെനെല്ലിലെ ബെനിഞ്ഞൂസ്

3. ജെറുസലേമിലെ അനസ്റ്റാസിയൂസ്

4. ഫോട്ടിന, ജോസഫ്, വിക്ടര്‍, സെബാസ്റ്റ്യന്‍, അനാറ്റോളിയൂസ് ഫോസിയൂസ്, ഫോത്തിസ്, പാരഷേവ്, സിറിയാക്കോ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.