റഷ്യയില്‍ നിന്ന് ഇന്ത്യക്ക് അധിക ക്രൂഡ് ഓയില്‍: കരാറില്‍ ഒപ്പിട്ട് ഐ.ഒ.സി; ഉപരോധം ബാധകമാകില്ല

  റഷ്യയില്‍ നിന്ന് ഇന്ത്യക്ക് അധിക ക്രൂഡ് ഓയില്‍: കരാറില്‍ ഒപ്പിട്ട് ഐ.ഒ.സി; ഉപരോധം ബാധകമാകില്ല

ന്യൂഡല്‍ഹി: റഷ്യന്‍ കമ്പനിയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള കരാറില്‍ റഷ്യന്‍ കമ്പനിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഒപ്പുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ ഐ.ഒ.സിയുടെ അധികൃതരാണ് കരാര്‍ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതെന്ന് എന്‍ ഡി ടിവി വാര്‍ത്താ ചാനല്‍ അറിയിച്ചു.

കരാര്‍ രാജ്യങ്ങള്‍ക്കിടയിലല്ലെന്നും കമ്പനികള്‍ തമ്മിലുള്ളതാണെന്നും അധികൃതര്‍ വിശദീകരിച്ചു.  റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഊര്‍ജ്ജ നയത്തില്‍ ഇന്ത്യക്ക് ഒരു രാജ്യവുമായി രാഷ്ട്രീയമായ അകല്‍ച്ചകളില്ല. എല്ലാ വ്യാപാരവും തീര്‍ത്തും സുതാര്യമാണ്. ഇന്ത്യ റഷ്യയില്‍ നിന്നും കുറഞ്ഞവിലയ്ക്ക് ഇന്ധനം വാങ്ങുന്ന വിഷയത്തില്‍ യാതൊരു നയ വ്യത്യാസവുമില്ലെന്നും വാണിജ്യകാര്യ മന്ത്രാലയം വ്യക്തമാക്കിരുന്നു.


ഇന്ത്യയ്ക്ക് ഊര്‍ജ്ജമേഖലയില്‍ ഇറക്കുമതി അനിവാര്യമാണ്. അതിനായി വിവിധ രാജ്യങ്ങളുമായുള്ള കരാര്‍ പതിറ്റാണ്ടുകളായി തുടരുന്നതാണ്. അതാത് രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറുന്നത് പതിവാണ്. എന്നാല്‍ ആഗോളതലത്തിലെ ഇത്തരം രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യയുടെ നയങ്ങളെ സ്വാധീനിക്കാറില്ലെന്നും വാണിജ്യകാര്യമന്ത്രാലയം പറഞ്ഞിരുന്നു. റഷ്യയ്ക്ക് മറ്റ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും രാജ്യത്തിന് പുറത്തുനിന്നും വരുത്തേണ്ടതാണ്. ഒരു ദിവസം 50 ലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഭൂരിഭാഗവും വരുന്നത് പടിഞ്ഞാറന്‍ ഏഷ്യന്‍ മേഖലയില്‍ നിന്നാണ്. ഇറാഖ് 23 ശതമാനം, സൗദി അറേബ്യ 18 ശതമാനം, യുഎഇ 11 ശതമാനം എന്നിങ്ങനെയാണ് സമീപകാലത്തെ ഇറക്കുമതി കണക്ക്. ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ സ്വീകരിക്കുന്നുണ്ട്. റഷ്യയില്‍ നിന്നും ഇതുവരെ 3 ശതമാനം ക്രൂഡ് ഓയിലാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. ഇതാണ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.